ന്യൂഡല്‍ഹി: വാര്‍ത്താചാനലുകളുടെ പ്രതിവാര റേറ്റിങ് പ്രസിദ്ധീകരിക്കുന്ന നടപടി മൂന്നുമാസത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) അറിയിച്ചു. റിപ്പബ്ലിക് ടിവി അടക്കം മൂന്നു ചാനലുകള്‍ ടിആര്‍പി റേറ്റിങ് തട്ടിപ്പ് നടത്തിയതായി കാട്ടി മുംബൈ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടി.നിലവിലെ സംവിധാനത്തിലെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഏജന്‍സി അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക, ബിസിനസ് വാര്‍ത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നതാണ് നിര്‍ത്തിവെച്ചത്.
‘ റേറ്റിങ് അളക്കുന്നതിനും റിപ്പോര്‍ട്ടുചെയ്യുന്നതിനുമുള്ള നിലവിലെ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യുകയും കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുക. സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിന് വീടുകളിലെ പാനലുകളിലേക്ക് നുഴഞ്ഞുകയറി തട്ടിപ്പ് നടത്താനുള്ള പഴുതുകള്‍ ഇല്ലാതാക്കുക” എന്നിവയുടെ ഭാഗമാണ് നടപടിയെന്ന് ബാര്‍ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ നടപടിയുടെ ഭാഗമായി എല്ലാ വാര്‍ത്താ ചാനലുകളുടെയും പ്രതിവാര റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുകയാണ്. ബാര്‍ക്ക് ടെകെനിക്കല് ടീമിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിശോധനയ്ക്ക് എട്ട് മുതല്‍ 12 വരെ ആഴ്ച വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തത്തിലുള്ള വാര്‍ത്താ വിഭാഗത്തിനായി എല്ലാ ആഴ്ചയും സംസ്ഥാനവും ഭാഷയും അനുസരിച്ച് എസ്റ്റിമേറ്റ് നല്‍കുന്നത് ബാര്‍ക് തുടരും- ഏജന്‍സി വ്യക്തമാക്കി.
ടെലിവിഷന്‍ റേറ്റിങ് പോയന്റ് അഥവാ ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് മൂന്നു ചാനലുകള്‍ക്കെതിരെയാണ് മുംബൈ പൊലീസ് കേസെടുത്തത്. ഇതില്‍ രണ്ടെണ്ണം മറാത്തി ചാനലുകളാണ്. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട ചാനലുകളിലെ ജീവനക്കാരെ ഉടന്‍ വിളിച്ചുവരുത്തുമെന്നും ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും മുംബൈ പോലീസ് മേധാവി പരംവീര്‍ സിങ് വ്യക്തമാക്കിയിരുന്നു.