SPORTSCRICKET

ഇന്ത്യന്‍ പരിശീലകനാകാന്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഗൗതം ഗംഭീര്‍, ഒടുവില്‍ എല്ലാം സമ്മതിച്ച് ബിസിസിഐ

മുംബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഗംഭീറിനെ പരിശീലകാനായി ബിസിസിഐ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഗൗതം ഗംഭീര്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നുവെന്നും ഇത് ഒടുവില്‍ ബിസിസിഐ അംഗീകരിച്ചുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. സപ്പോര്‍ട്ട് സ്റ്റാഫായി താന്‍ നിര്‍ദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍വെച്ച പ്രധാന ഉപാധി. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്.
ഇതോടെ നിലവിലെ സപ്പോര്‍ട്ട് സ്റ്റാഫുകളായ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവര്‍ രാഹുല്‍ ദ്രാവിഡിനൊപ്പം സ്ഥാനമൊഴിയും. രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോഴാണ് സഞ്ജയ് ബംഗാറിന് പകരം വിക്രം റാത്തോഡ് ബാറ്റിംഗ് പരിശീലകനായി എത്തിയത്. പിന്നീട് ദ്രാവിഡ് പരിശീലകനായപ്പോഴും റാത്തോഡ് സ്ഥാനത്ത് തുടര്‍ന്നു. ഇവരെയാണ് ഗംഭീര്‍ മാറ്റണമെന്ന് ഉപാധി മുന്നോട്ടുവെച്ചത്.
സപ്പോര്‍ട്ട് സ്റ്റാഫില്‍ മാത്രമല്ല, ടീമിലും ചില മാറ്റങ്ങള്‍ ഗംഭീര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായിരുന്ന ഗംഭീര്‍ അവരെ കിരീട നേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടത്. ഇന്ത്യന്‍ കോച്ച് സ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ഇന്ത്യന്‍ കോച്ചാവുന്നതിലും വലിയ ബഹുമതിയില്ലെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. 2007ലും 2011ലും ടി20, ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഫൈനലിലെ ടോപ് സ്‌കോററായിരുന്ന ഗംഭീര്‍ ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ കൊല്‍ക്കത്തക്ക് രണ്ട് കിരീടങ്ങളും സമ്മാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button