KERALALATEST

കോവിഡ് ടെസ്റ്റ്: തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലെ ഫലം തെറ്റെന്ന് പരാതി

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തെറ്റായ കൊവിഡ് പരിശോധനാ ഫലം നല്‍കിയെന്ന് പരാതി. പുല്ലാട് സ്വദേശി തേജള്‍ ശ്രീവല്‍സനാണ് തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ മാസം 13 നാണ് വിദേശത്തായിരുന്ന തേജള്‍ ശ്രീവല്‍സണ്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഭര്‍ത്താവും മക്കളുമായി ദുബായിലേക്ക് തിരികെ പോകാന്‍ വേണ്ടിയാണ് സെപ്റ്റംബര്‍ ഏഴിന് തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തിയത്.
തേജളിനൊപ്പം ഭര്‍ത്താവിന്റെയും മക്കളുടെയും പരിശോധന നടത്തി. തൊട്ടടുത്ത ദിവസം ഭര്‍ത്താവിന്റെയും മക്കളുടെയും ഫലം നെഗറ്റീവ് എന്ന റിപ്പോര്‍ട്ട് കിട്ടി. തേജളിന്റെ റിസള്‍ട്ട് കിട്ടാത്തതിനെ തുടര്‍ന്നാണ് വിളിച്ചന്വേഷിച്ചപ്പോഴാണ് പോസിറ്റീവ് എന്ന് അറിയിച്ചത്. റിസള്‍ട്ടില്‍ സംശയം തോന്നിയ തേജള്‍ ഡിഡിആര്‍സിയില്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവ്. രണ്ട് ദിവസത്തിന് ശേഷം ദുബൈ വിമാനത്താവളത്തിലെ പരിശോധന ഫലവും നെഗറ്റീവായെന്ന് തേജള്‍ പറയുന്നു. എന്നാല്‍ പരിശോധനയില്‍ പിഴവ് വന്നിട്ടില്ലെന്നും തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.

Related Articles

Back to top button