BREAKING NEWSLATESTNATIONAL

ന്യൂജന്‍ ലഹരിയുടെ കയത്തിലേക്ക് ബെംഗളൂരു വീഴുന്നു

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നിന്റെ ഉപയോഗം ഇരട്ടിയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് നാളുകളായി കര്‍ണാടകം കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് വേട്ടയില്‍ സിനിമാ താരങ്ങള്‍ അടക്കം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വിശദമായ വിവരങ്ങള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ ഏറെ നാളുകളായി ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് കഞ്ചാവായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിന്റെ സ്ഥാനം കൊക്കെയിന്‍ അടക്കമുള്ള മറ്റ് ലഹരി വസ്ഥുക്കള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ലഹരിമരുന്നുകളില്‍ ഏറ്റവും തീവ്രമായതും വിലപിടിപ്പുള്ളതും കൊക്കെയിനാണ്. ഒട്ടുമിക്ക പാര്‍ട്ടികളിലും ഇവ രംഗപ്രവേശനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൊക്കെയിന്റെ ഉപയോഗം ഇരട്ടിയായി
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കര്‍ണാടകയിലെ കൊക്കെയിന്റെ ഉപയോഗം ഇരട്ടിയായിട്ടുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. ഇന്ന് ലഹരിവസ്തുവിന്റെ ഗുണത്തിന് അനുസരിച്ച് 6000 രൂപ മുതല്‍ 12,000 രൂപ വരെയാണ് ഗ്രാമിന് ഈടാക്കുന്നത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മയക്കുമരുന്ന് വിതരണ കേന്ദ്രമാണ് ബെംഗളൂരു. ഇത് തന്നെയാണ് ഇത്തരത്തില്‍ സുലഭമായി ലഹരി മരുന്ന് ലഭിക്കുന്നതിനുള്ള ഒരു പ്രധാനകാരണവും എന്ന് മുതിര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.
യുവാക്കള്‍ക്കിടയില്‍ മാത്രമല്ല വെള്ളിത്തിരയിലും കൊക്കെയിനിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരികയാണ്. ഇത്തരത്തില്‍ ചില കന്നഡ അഭിനേതാക്കളിലേക്ക് വിരല്‍ ചൂണ്ടപ്പെടുന്നതിലും അത്ഭുതമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. കന്നഡത്തിലെ പ്രമുഖ നടിമാര്‍ അടക്കം ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ് ഉള്ളത്. പ്രമുഖ നടി രാഗിണി ദ്വിവേദിയെ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ആദ്യകാലങ്ങളില്‍ സമ്പന്നരായ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ലഹരിമരുന്നിന്റെ ഉപഭോക്തക്കളായിരുന്നത് എങ്കില്‍ ഇപ്പോള്‍ സിനിമ, റിയല്‍ എസ്റ്റേറ്റ്, ഐടി മേഖലകളില്‍ നിന്നുമടക്കമുള്ളവരുമാണ്. നേരത്തെ, ലഹരിവസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് ചില പാര്‍ട്ടികളില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ എല്ലാത്തരം പാര്‍ട്ടികളിലും ലഹരിമരുന്നുകള്‍ ഒഴുകുകയാണ് എന്നാണ് പോലീസ് അറിയിക്കുന്നത്. കുടക്, ചിക്കമംഗലൂരു അടക്കമുള്ള പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും നിരവധി കൊക്കെയിന്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട് എന്നാണ് പോലീസ് പറയുന്നത്.
പോലീസ് നല്‍കുന്ന കണക്ക് പ്രകാരം 2015-16 വര്‍ഷത്തില്‍ ഹെറോയിന്‍, ഓപിയം, ഗഞ്ച, ഹാഷിഷ്, മോര്‍ഫിന്‍, എഫെഡ്രിന്‍, പോപ്പി ഹസ്‌ക് എന്നിവയുള്‍പ്പെടെ 500 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍, ഈ ലഹരി മരുന്നുകളുടെ അളവ് 1,500 മുതല്‍ 2,000 കിലോ വരെ എത്തിയിട്ടുണ്ട്. അതിന് പുറമെ, കൊക്കെയ്‌ന്റെ ഉപയോഗം ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും വ്യക്തമാകുന്നു.
ബെംഗളൂരുവില്‍ പിടിക്കപ്പെട്ട മയക്കുമരുന്ന് കേസുകളുടെ എണ്ണം 2019 ല്‍ 286 ല്‍ നിന്ന് 768 ആയി ഉയര്‍ന്നു. ലോക്ക്ഡൗണ്‍ കാലഘട്ടത്തിലും ഇത്തരത്തിലുള്ള ലഹരി മരുന്നുകളുടെ വ്യാപനം സമൃദ്ധമായി തന്നെ തുടരുകയായിരുന്നു. ഒന്നിലധികം ഡീലര്‍മാരുടെ സാന്നിധ്യമാണ് പോലീസിനെ ഇതില്‍ കുഴയ്ക്കുന്നത്. പ്രധാനമായും ഗോവ, മുംബൈ എന്നീ കേന്ദ്രങ്ങളില്‍ നിന്നുമാണ് ബെംഗളൂരുവിലേക്ക് ലഹരി മരുന്ന് എത്തുന്നത്.
മുംബൈ, ചെന്നൈ, ഗോവ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള വിദേശികളാണ് കൊക്കെയ്ന്‍ എത്തിക്കുന്നത്. സിനിമാ താരങ്ങള് അടക്കമുള്ള സെലിബ്രിറ്റികളെ പൊതുവേ ലക്ഷ്യമിടുന്നത് മാഫിയകളാണെന്നും നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇവരെ പൊതുവേ സംശയിക്കാത്തതാണ് ഇതിന് കാരണമെന്നും മുതിര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags

Related Articles

Back to top button
Close