BREAKINGINTERNATIONAL

ബംഗ്ലാദേശില്‍ സ്ഥിതി ഗുരുതരം: കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി, ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു തുടങ്ങി

ദില്ലി: സംവരണ നയത്തിനെതിരെ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന അക്രമ പരമ്പരകളില്‍ ഇതുവരെ 64 പേര്‍ കൊല്ലപ്പെട്ടെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയില്‍ കഴിഞ്ഞദിവസം അക്രമികള്‍ തകര്‍ത്തതോടെ നൂറോളം തടവുപുള്ളികള്‍ പുറത്തു ചാടിയിട്ടുണ്ട്. സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്വര്‍ക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. നൂറോളം പോലീസുകാര്‍ക്കും അക്രമ സംഭവങ്ങളില്‍ പരിക്കുപറ്റിയതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ ബംഗ്‌ളാദേശില്‍ നിന്ന് ഇന്ത്യാക്കാരെ തിരിച്ച് എത്തിച്ചു തുടങ്ങി. അതിര്‍ത്തി പോസ്റ്റുകള്‍ വഴിയാണ് മടക്കി എത്തിക്കുന്നത്. 245 ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം മേഘാലയ അതിര്‍ത്തി വഴി മടങ്ങി എത്തിയിരുന്നു. നേപ്പാളില്‍ നിന്നുള്ളവരും ഈ അതിര്‍ത്തി പോസ്റ്റ് വഴി ഇന്ത്യയിലേക്ക് കടന്നു. മടങ്ങി വന്നവരില്‍ 125 പേര്‍ വിദ്യാര്‍ത്ഥികളാണെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 1971 ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30% സംവരണം അനുവദിച്ചതിനു എതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം പിന്നീട് വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു.

Related Articles

Back to top button