BREAKING NEWSLATESTNEWSWORLD

ബയ്‌റുത്ത് സ്‌ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന ജനരോഷം; ലെബനനിലെ മന്ത്രിസഭ രാജിവച്ചു

ബയ്‌റുത്ത്: ബയ്‌റുത്തില്‍ 160ലധികം പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു പിന്നാലെ ഉയര്‍ന്ന ജനരോഷത്തെത്തുടര്‍ന്ന് ലെബനനിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ നേതാക്കളുടെ അലംഭാവവും അഴിമതിയുമാണ് സ്‌ഫോടനത്തിന് വഴിവച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം തുടര്‍ച്ചയായ മൂന്നാം ദിവസവും പോലീസുമായി ഏറ്റുമുട്ടിയിരുന്നു. തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിനും വന്‍ ആള്‍നാശത്തിനും ഇടയാക്കിയത്.
ലബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിനെ നെടുകെ പിളര്‍ന്നുകൊണ്ടുണ്ടായ ഉഗ്രസ്‌ഫോടനത്തിനു കാരണമായത് ഏകദേശം 2,700 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടകവസ്തുവാണ്. 240 കിലോമീറ്റര്‍ ദൂരെ വരെ സ്‌ഫോടന ശബ്ദം കേട്ടിരുന്നു. സ്‌ഫോടനാഘാതത്തില്‍ കാറുകള്‍ മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തില്‍ എടുത്തെറിയപ്പെട്ടുവെന്നായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കും വരെ ഇനി കാവല്‍ ഭരണമായിരിക്കും തുടരുക. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സന്‍ അറിയിച്ചു. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് കൈമാറി. രാജ്യത്തിനു വേണ്ടി ഇനി ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ‘ദൈവം ലെബനനെ രക്ഷിക്കട്ടെ’ എന്ന വാക്കുകള്‍ മൂന്നുതവണ ഉച്ചരിച്ചായിരുന്നു അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Related Articles

Back to top button