ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യം വാങ്ങുന്നതിനുളള പ്രായപരിധി 25ല്‍ നിന്ന് 21 വയസ്സാക്കി കുറച്ച് ആംആദ്മി സര്‍ക്കാര്‍. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് തീരുമാനം അറിയിച്ചത്. പുതുക്കിയ എക്സൈസ് നിയമപ്രകാരമാണ് നടപടി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ മദ്യവില്പന ശാലകള്‍ ഇനി ആരംഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഡല്‍ഹിയില്‍ പ്രധാന നിരത്തുകളോട് ചേര്‍ന്നുളള മദ്യവില്പന ശാലകള്‍ മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ എക്സൈസ് നയങ്ങള്‍ നടപ്പാക്കുന്നതോടെ സംസ്ഥാന സര്‍ക്കാരിന് നികുതി വരുമാനത്തില്‍ 20ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ തീരുമാനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചതായും മനീഷ് സിസോദിയ വ്യക്തമാക്കി.
ബാറുകളിലൂടെയും, ക്ലബുകളിലൂടെയും പുലര്‍ച്ചെ മൂന്ന് മണിവരെ മദ്യ വില്പന നടത്തുന്നതിനുളള തീരുമാനം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആംആദ്മി സര്‍ക്കാര്‍ എടുത്തിരുന്നു. അതുപോലെ ബാര്‍ ലൈസന്‍സ് വര്‍ഷത്തില്‍ രണ്ടു തവണ പുതുക്കി നല്കുന്ന സംവിധാനവും ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ആംആദ്മി സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്തെത്തി.