BREAKING NEWS

ഭാരത് ബന്ദ്: സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ചത്തെ ബന്ദിന് പ്രതിപക്ഷ സംഘടനകളും പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്.
സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും ഉറപ്പാക്കണം. പ്രതിഷേധ പ്രകടനങ്ങളിലടക്കം സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അനിഷ്ട സംഭവങ്ങള്‍ രാജ്യത്തെവിടെയും ഉണ്ടാകാന്‍ പാടില്ല. അക്കാര്യം ഉറപ്പുവരുത്താന്‍ തക്കവിധമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശമുണ്ട്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ കൊണ്ടുവന്ന മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദ് ആചരിക്കുന്നത്. കേരളത്തെ ഭാരത് ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, എസ്പി, ടിആര്‍എസ്, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവ ബന്ദിനെ പിന്തുണയ്ക്കുമെന്ന് ഞായറാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് ദിവസങ്ങളാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. പഞ്ചാബ്, ഹരിയാണ, യു.പി എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് അവരില്‍ അധികവും. സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും ശനിയാഴ്ച പരാജയപ്പെട്ടിരുന്നു.
പുതിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന കര്‍ഷകര്‍ ‘അതേ എന്നോ ഇല്ല’ എന്നോ ഉള്ള മറുപടി മാത്രം തങ്ങള്‍ക്ക് ലഭിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിക്കൊണ്ട് അഞ്ചാംവട്ട ചര്‍ച്ചയ്ക്കിടെ മൗനവൃതം ആചരിച്ചിരുന്നു. ഇതോടെയാണ് ഡിസംബര്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ചൊവ്വാഴ്ചത്തെ ഭാരത് ബന്ദിന്റെ കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ചര്‍ച്ചയ്ക്കുശേഷം കര്‍ഷക സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Back to top button