BREAKING NEWSWORLD

തോല്‍വി സമ്മതിച്ച് ട്രംപ്: അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസിന് നിര്‍ദേശം, പുതിയ ഉദ്യോഗസ്ഥരെ പ്രഖ്യാപിച്ച് ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒടുവില്‍ തോല്‍വി സമ്മതിച്ച് ഡൊണാള്‍ഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു.
ബൈഡന് അധികാരം കൈമാറാന്‍ പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്ന് ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന്‍ തലവന്‍ എമിലി മുര്‍ഫി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. നേരത്തെ രാഷ്ട്രിയ സമ്മര്‍ദ്ദത്താല്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തുടര്‍ച്ചയായി ആരോപിച്ച് പരാജയം അനുവദിക്കാന്‍ തയ്യാറാകാതിരുന്ന ട്രംപ് അപ്രതീക്ഷിതമായിട്ടാണ് വൈറ്റ് ഹൗസിന്റെ അധികാരം കൈമാറാന്‍ സന്നദ്ധത അറിയിച്ചത്. ട്രംപിന്റെ തീരുമാനത്തെ ബൈഡന്‍ ക്യാമ്പ് സ്വാഗതം ചെയ്യുകയും ചെയ്തു.
ജോ ബൈഡന്‍ അമേരിക്കയുടെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ദേശീയ സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റായി ജനുവരിയില്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായാണ് നിര്‍ണ്ണായക വകുപ്പിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പേരായ ആന്റണി ബ്ലിങ്കന്‍ തന്നെയാണ് മൈക്ക് പോംപിയോയുടെ പകരക്കാരനായി സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനാകാന്‍ പോകുന്നത്. ഇദ്ദേഹത്തിനൊപ്പം മറ്റ് അഞ്ച് സുപ്രധാന ചുമതലക്കാരേയും ബൈഡന്‍ പ്രഖ്യാപിച്ചു.
ഞങ്ങള്‍ക്ക് ഇനി ഒട്ടും സമയം കളയാനില്ല. അമേരിക്കയുടെ പ്രതിരോധ, ആഭ്യന്തര സുരക്ഷയിലും വിദേശകാര്യത്തിലും ഒരു തരത്തിലുള്ള അലംഭാവവും കാണിക്കാനാകില്ല. ഉദ്യോഗസ്ഥരെല്ലാം നല്ല ഭരണ സാമര്‍ത്ഥ്യവും ലോകപരിചയവും ഉള്ളവരാണെന്നത് ഭരണകൂടത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നും ബൈഡന്‍-കമലാഹാരീസ് സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജേക്ക് സുള്ളിവനാണ് നിയമിക്കപ്പെടുക. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി വനിതയായ അവ്റില്‍ ഹെയിന്‍സിന്റെ പേരാണുള്ളത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രഹസ്യാന്വേഷണ വിഭാഗം മേധാവിയാകുന്നത്.
ആന്റണി ബ്ലിങ്കനൊപ്പം ആഭ്യന്തര സെക്രട്ടറിയായി അലേജാന്‍ഡ്രോ മയോര്‍ക്കാസിനേയും തീരുമാനിച്ചു. അമേരിക്ക സുപ്രധാന വകുപ്പായി കരുതുന്ന കാലാവസ്ഥാ വിഭാഗത്തിന്റെ ചുമതലയില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോണ്‍ കെറിയുടെ പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ഇനി അമേരിക്കയെ ലിന്‍ഡാ തോമസ് ഗ്രീന്‍ഫീല്‍ഡ് നയിക്കുമെന്നാണ് തീരുമാനം.

Related Articles

Back to top button