BREAKING NEWSLATESTWORLD

ജോ ബൈഡന്‍; സുപ്രധാന പദവികളില്‍ എല്ലാവരും വനിതകള്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ വൈറ്റ് ഹൗസ് മാധ്യമസംഘത്തെ പ്രഖ്യാപിച്ച് ജോ ബൈഡന്‍. തന്റെ തെരഞ്ഞെടുപ്പ് ക്യാംപയിന്റെ ചുക്കാന്‍ പിടിച്ച കേറ്റ് ബെഡിങ്ഫീല്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എല്ലാവരും വനിതകളാണെന്നതാണ് ശ്രദ്ധേയം.
ജോ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് കേറ്റ് ബെഡിങ്ഫീല്‍ഡ് ആയിരിക്കും വൈറ്റ് ഹൗസിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍. കൂടാതെ ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജെന്‍ സാക്കി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും.
വരുന്ന തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ആദ്യ ഇന്റലിജന്‍സ് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ജോ ബൈഡന്റെ ഓഫീസ് അറിയിച്ചിരുന്നു. മാനേജ്‌മെന്റ്, ബജറ്റ് ചുമതലകളുള്ള ഓഫീസറായി നിയമിക്കുന്നതും ഒരു വനിതയെയായിരിക്കുമെന്നും ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വംശജയും അമേരിക്കന്‍ പ്രോഗ്രസ് എന്ന ലിബറല്‍ തിങ്ക് ടാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായ നീര ടണ്ടനെ നയപരമായ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ നേതൃത്വം നല്‍കാനായി ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചിട്ടുണ്ട്. ബൈഡന്റെ പുതിയ ഉദ്യോഗസ്ഥസംഘത്തിലെ മൂന്ന് പേരും ഒബാമ സര്‍ക്കാരിന്റെ ഭാഗമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനും അക്കാലത്ത് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി ജോലി ചെയ്തിരുന്ന ജെന്‍ സാക്കിയും തമ്മില്‍ അടുത്ത പരിചയമുണ്ട്. ഒബാമ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യകാര്യ സെക്രട്ടറിയായിരുന്ന കാത്തലീന്‍ സബേലിയസിന്റെ സെക്രട്ടറിയായിരുന്നു നീര ടണ്ടന്‍.
അമേരിക്കന്‍ ജനതയോടു സത്യസന്ധമായും നേരിട്ടും സംവദിക്കുക എന്നത് ഒരു പ്രസിഡന്റിന്റെ പ്രധാനപ്പെട്ട ജോലികളിലൊന്നാണെന്നും യുഎസ് ജനതയുമായി ബന്ധപ്പെടാനായി ഈ സംഘത്തിന് വലിയ ചുമതലകളാണ് ഉള്ളതെന്നും ജോ ബൈഡന്‍ പ്രസ്താവനയില്‍ അറിയിച്ചു. വിവിധ രംഗങ്ങളില്‍ അനുഭവജ്ഞാനമുള്ള ഇവര്‍ രാജ്യം പടുതുയര്‍ത്താന്‍ സഹായിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.
കമലാ ഹാരിസിന്റെ ചീഫ് ഓഫ് സ്റ്റാഫായ കരീന്‍ ഴാങ് പിയറാണ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. പ്രദേശിക രാഷ്ട്രീയ ഡയറക്ടര്‍ പദവിയില്‍ ഇവരും ഒബാമ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. ജോ ബൈഡന്‍ ക്യാംപയിന്റെ ഭാഗമായിരുന്ന പിലി ടോബറാണ് ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍.
പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ലേബര്‍ എക്കണോമിസ്റ്റായ സിസിലിയ റോസും വൈറ്റ് ഹൗസിലെ അഡ്മിനിസ്‌ട്രേഷന്‍ പദവിയില്‍ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒബാമ സര്‍ക്കാരില്‍ സാമ്പത്തികകാര്യ ഉപദേശകയായിരുന്ന വാലി അഡീമോയെയും ബൈഡന്‍ ഓഫീസില്‍ നിയമിക്കുമെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിന്‍ റിപ്പോര്‍ട്ട്. ഒബാമ സര്‍ക്കാരിന്റെ ഉപദേശകനായിരുന്ന ബ്രയന്‍ ഡീസിന്റെ പേരും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker