പട്ന: ഫലം മാറിമറിയുന്ന ബിഹാര്‍ ആര് ഭരിക്കുമെന്നത് സസ്പെന്സിലേക്ക്. തുടക്കം മുതല്‍ മഹാസഖ്യവും എന്‍ഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണലില്‍ കണ്ടത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റ് എന്ന മാന്ത്രിക സംഖ്യ ആര് നേടും എന്ന് ഉറപ്പ് പറയാനാകാത്ത നിലയിലാണ് ഇരു മുന്നണികളും മുന്നേറുന്നത്. തൂക്കുസഭയാണ് സംജാതമാകുന്നതെങ്കില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ കര്‍ണാടകത്തിലും മധ്യപ്രദേശിലും കണ്ടതുപോലെ വിജയം കാണാനാണ് എല്ലാ സാധ്യതയും.
തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന സര്‍വേകളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും അനായാസ വിജയം പ്രവചിച്ച പല സര്‍വെകളും എക്സിറ്റ് പോളുകളില്‍ തിരുത്തുന്ന കാഴ്ച കണ്ടു. ചില ഏജന്‍സികള്‍ മഹാസഖ്യത്തിന് മഹാവിജയം പ്രഖ്യാപിച്ചപ്പോള്‍ മറ്റ് ഏജന്‍സുകളും മുന്‍തൂക്കം നല്‍കിയത് മഹാസഖ്യത്തിനായിരുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ ചിരാഗ് പാസ്വാന് നിര്‍ണായകമാകും. ഒരുപക്ഷേ അദ്ദേഹം കിങ്മേക്കറാവുകയാണെങ്കില്‍ നിതീഷിന്റെ ഭാവി എന്താകും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണക്കുമോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ നില്ക്കുന്നു
അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 125 സീറ്റുകളിലെ ഫലമാണ് നിലവില്‍ ലഭ്യമായത്. ഇതില്‍ 56 സീറ്റുകളിലാണ് മഹാസഖ്യം മുന്നേറുന്നത്. ആര്‍ജെഡി 36, കോണ്‍ഗ്രസ് 13, സിപിഐ (എം.എല്‍) 6, സിപിഎം ഒന്ന് എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ 63 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. ബിജെപി 33, ജെഡിയു 25 , വിഐപി 5 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.
അസദുദ്ദീന്‍ ഒവൈസിയുടെ ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് ഒരു സീറ്റിലും ബിഎസ്പി രണ്ടിടത്തും ചിരാഗ് പാസ്വാന്റെ എല്‍ജെപി മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.
കനത്ത സുരക്ഷയില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷബാക്കിയാണ്.
55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.
ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം