BREAKING NEWS

ബിഹാര്‍ ഫലം വൈകും; നാല്‍പ്പത് സീറ്റുകളില്‍ ലീഡ് മാറി മറിയുന്നു

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നീളാന്‍ സാധ്യത. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തു വിടുന്നത് വൈകിയാണ്. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യപൊതു തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടു വളരെ പതുക്കെയാണ് വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്.
പ്രാദേശിക ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്ന കണക്കനുസരിച്ച് ബിഹാറില്‍ തെളിയുന്ന അന്തിമചിത്രം അനിശ്ചിതമായ ഒന്നായിരിക്കാന്‍ സാധ്യതയുണ്ട്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും കൃത്യമായൊരു ചിത്രം തെളിയുന്നില്ല. എന്‍ഡിഎയ്ക്ക് നിലവില്‍ മേല്‍ക്കൈ അവകാശപ്പെടാം എന്നു മാത്രം.
വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് ബിഹാറില്‍ കണ്ടത്. എന്നാല്‍ പിന്നീട് അങ്ങോട്ട് ചിത്രം മാറി. ഒരു ഘട്ടത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍ജെഡി ലീഡ് ചെയ്തു പോയെങ്കിലും പിന്നീട് ബിജെപി അവരെ മറികടന്നു പോയി. എന്നാല്‍ ഇപ്പോള്‍ ആര്‍ജെഡി ബിജെപിയുമായുള്ള ലീഡ് വ്യത്യാസം കുറച്ചു കൊണ്ടു വരികയാണ്.
ബിജെപിയും ആര്‍ജെഡിയും തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ജെഡിയുവിനും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി മാറി. പലയിടത്തും ജെഡിയുവിന്റെ വിജയ സാധ്യത ഇല്ലാതാക്കിയ ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് പക്ഷേ രണ്ട് സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്.
ഉച്ചയ്ക്ക് 12 മണിക്കുള്ള കണക്ക് അനുസരിച്ച് എന്‍ഡിഎ സഖ്യം 126 സീറ്റിലും മഹാസഖ്യം 105 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഇരുമുന്നണികളിലും ഉള്‍പ്പെടാത്ത സ്വതന്ത്രര്‍ അടക്കമുള്ള ചെറുകക്ഷികള്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എന്‍ഡിഎയ്‌ക്കോ മഹാസഖ്യത്തിനോ 130ല്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തം നിലയില്‍ നേടിയാല്‍ മാത്രമേ സുസ്ഥിരമായ ഭരണം ബിഹാറിലുണ്ടാവാന്‍ സാധ്യതയുള്ളൂ.
ഔദ്യോഗികമായി ഫലപ്രഖ്യാപനം ഉണ്ടായില്ലെങ്കിലും 40 സീറ്റുകളില്‍ നിലവില്‍ കടുത്ത പോരാട്ടം തുടരുകയാണ്. ബിഹാറിലെ അന്തിമഫലത്തെ സങ്കീര്‍ണമാക്കുന്നത് ഈ നാല്‍പ്പത് മണ്ഡലങ്ങളാണ്. ഇവിടെ നിലവിലെ ലീഡ് നില ആയിരത്തില്‍ താഴെ മാത്രമാണ്. ഒരു പക്ഷേ ഇന്ന് രാത്രിയോട് മാത്രമേ ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചിത്രം തെളിയാന്‍ സാധ്യതയുള്ളൂ.
നിലവിലെ ചിത്രം മാറി എന്‍ഡിഎ കേവലഭൂരിപക്ഷം നേടിയാലും രാഷ്ട്രീയ പ്രതിസന്ധി തുടരാന്‍ സാധ്യത ബാക്കിയാണ്. ചിരാഗ് പാസ്വാന്റെ എല്‍ജെപിയുമായി ഒരു തരത്തിലുള്ള സഹകരണത്തിനുമില്ലെന്നും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി തുടരണം എന്നുമാണ് ജെഡിയുവിന്റെ നിലപാട്. നിലവിലെ ലീഡ് നില അനുസരിച്ച് ബിഹാറിലെ ഏറ്റവും ഒറ്റകക്ഷി ബിജെപിയാണ് എന്നിരിക്കെ ജെഡിയുവിന്റെ ആവശ്യങ്ങള്‍ക്ക് ബിജെപി എത്ര കണ്ട് വഴങ്ങി കൊടുക്കും എന്നത് കാത്തിരുന്നു കാണണം.

Related Articles

Back to top button