ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. മൂന്ന് ഘട്ടമായാണ് പോളിംഗ് നടക്കുക. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28 ന് നടക്കും. ആദ്യഘട്ടത്തില്‍ 71 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. തൊണ്ണൂറ്റിനാല് മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട പോളിംഗ് നവംബര്‍ മൂന്നിന് നടക്കും. എഴുപത്തിയെട്ട് മണ്ഡലങ്ങളിലേക്കാണ് മൂന്നാംഘട്ട പോളിംഗ്. ഇത് നവംബര്‍ ഏഴിന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ പത്തിന് നടക്കുമെന്നും സുനില്‍ അറോറ അറിയിച്ചു.
ബിഹാറില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 7.5 കോടി ജനങ്ങളാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടര്‍മാര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും. വോട്ടര്‍മാര്‍ക്ക് സുരക്ഷ പ്രധാന വെല്ലുവിളിയാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സാമൂഹിക അകലം പാലിക്കാന്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ഒരുക്കുമെന്നും വ്യക്തമാക്കി. പോളിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ വോട്ട് ചെയ്യാം. ഒരു ബൂത്തില്‍ പരമാവധി ആയിരം പേര്‍ക്കാണ് വോട്ടു ചെയ്യാന്‍ അവസരം നല്‍കുക. 80 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഒരുക്കും. വോട്ടര്‍മാര്‍ക്കായി 47 ലക്ഷം മാസ്കുകള്‍ വിതരണം ചെയ്യും. ആറ് ലക്ഷം പിപിഇ കിറ്റുകളും തയ്യാറാക്കും. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കും. കൊവിഡ് രോഗികള്‍ക്ക് അവസാന മണിക്കൂറിലായിരിക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുക. വോട്ടര്‍മാര്‍ക്ക് തെര്‍മല്‍ സ്കാനിംഗ് നിര്‍ബന്ധമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്നും വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര് മാത്രം മതിയെന്നും സുനില്‍ അറോറ നിര്‍ദേശിച്ചു.