BREAKING NEWSLATESTNATIONAL

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ഇന്ന് 17 ജില്ലകളില്‍ വിധിയെഴുത്ത്

പട്‌ന : ബിഹാറിന്റെ രാഷ്ട്രീയഗതി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ സീമാഞ്ചല്‍ അടക്കമുള്ള മേഖലകളില്‍ വിധിയെഴുത്ത് തുടങ്ങി. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നുണ്ട്.
രാഷ്ട്രീയവും ജാതി സമവാക്യങ്ങളും ശക്തമായ മേഖലകളാണ് രണ്ടാം ഘട്ടത്തില്‍ ജനഹിതം രേഖപ്പെടുത്തുന്നത്. അതീവ പിന്നാക്ക പ്രദേശങ്ങളിലാണ് മണ്ഡലങ്ങളിലേറെയും. ന്യൂനപക്ഷം, പിന്നാക്കം, അതി പിന്നാക്കം, ദളിത്, മഹാദളിത് വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാര്‍ ഏറെയുള്ള സീമാഞ്ചല്‍ പ്രദേശം മുന്നണികള്‍ക്കെല്ലാം വെല്ലുവിളിയാണ്. പരമ്പരാഗതമായി ആര്‍.ജെ.ഡി.ക്കാണ് മേഖല പിന്തുണ നല്‍കാറുള്ളത്. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പമാണ് നിലയുറപ്പിച്ചത്.
എ.ഐ.എം.ഐ.എം. നേതാവ് അസസുദ്ദീന്‍ ഒവൈസിയും ആര്‍.എല്‍.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്വാഹയും നേതൃത്വം നല്‍കുന്ന മുന്നണി ആര്‍.ജെ.ഡി.യുടെ ഈ വോട്ട് ബാങ്കില്‍ കടന്നുകയറി സ്വാധീനം വര്‍ധിപ്പിച്ചത് തേജസ്വിക്ക് കടമ്പയാണ്. നിതീഷ് കുമാറിന്റെ മദ്യനിരോധന നയം, സ്ത്രീ ശാക്തീകരണം തുടങ്ങിയ പദ്ധതികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലങ്ങള്‍ കൂടിയാണിത്.
2015ല്‍ ജെ.ഡി.യു.ആര്‍.ജെ.ഡി. സംയുക്ത മുന്നണിയായ മഹാസഖ്യത്തിനായിരുന്നു മുന്‍തൂക്കം. ആര്‍.ജെ.ഡി. 33 സീറ്റും ജെ.ഡി.യു. 30 സീറ്റും നേടി. ബി.ജെ.പി. 20 സീറ്റിലും കോണ്‍ഗ്രസ് 7 സീറ്റിലും എല്‍.ജെ.പി. രണ്ട് സീറ്റിലും സി.പി.ഐ.എല്‍. ഒരു സീറ്റിലും വിജയിച്ചു. ഇക്കുറി ആര്‍.ജെ.ഡി. 56 സീറ്റിലും ബി.ജെ.പി. 46 സീറ്റിലും ജെ.ഡി.യു. 43 സീറ്റിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് 24 സീറ്റിലും ഇടതുപാര്‍ട്ടികള്‍ (14), എല്‍.ജെ.പി. (52), ആര്‍.എല്‍.എസ്.പി. (36) എന്നിങ്ങനെയും മത്സരിക്കുന്നു.
ബിഹാര്‍ തിരഞ്ഞെടുപ്പ് കൂടാതെ പത്ത് സംസ്ഥാനങ്ങളിലായി 54 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. 28 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലാണ് നിര്‍ണായകം. തിരഞ്ഞെടുപ്പ് ഫലം ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കും. 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഗുജറാത്തില്‍ എട്ട്, ഉത്തര്‍പ്രദേശില്‍ ഏഴ്, ഒഡീഷ, നാഗാലാന്‍ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ടു വീതം, ഹരിയാണ, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Related Articles

Back to top button