പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. നിലവില്‍ 125 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. നേരത്തെ എന്‍ഡിഎ സഖ്യത്തില്‍ ജെഡിയുവിന് പിന്നിലായിരുന്നു ബിജെപി. ഈ തിരഞ്ഞെടുപ്പില്‍ ജെഡിയുവിനും തിരിച്ചടി നേരിട്ടു.
ഇരു മുന്നണികളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്കുന്ന മഹാസഖ്യം ലീഡ് ചെയ്തെങ്കിലും പിന്നീട് ബിജെപി – ജെഡിയു സഖ്യത്തിന്റെ എന്‍ഡിഎ മുന്നേറ്റം നടത്തുകയായിരുന്നു. ഇടതുപക്ഷത്തിനും മുന്നേറ്റമുണ്ട്. മഹാസഖ്യം ഭരണം പിടിക്കുമെന്നായിരുന്നു ഭൂരിപക്ഷം എക്സിറ്റ്പോള്‍ ഫലങ്ങളും പ്രവചിച്ചത്.
കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്.