BREAKING NEWSKERALA

ട്രഷറി തട്ടിപ്പിന് കാരണക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ; സോഫ്‌റ്റ്വെയറിലെ പിഴവുകള്‍ അറിഞ്ഞിട്ടും പരിഹരിച്ചില്ല

തിരുവനന്തപുരം:ട്രഷറി വകുപ്പില്‍ കോടികളുടെ തട്ടിപ്പിന് വഴിയൊരുക്കിയത് ട്രഷറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് വ്യക്തമാക്കി രേഖകള്‍. സോഫ്‌റ്റ്വെയറില്‍ പിഴവുണ്ടെന്ന് കഴിഞ്ഞ നവംബറില്‍ തന്നെ ട്രഷറി വകുപ്പ് ഡയറക്ടര്‍ക്ക് അറിയാമായിരുന്നുവെന്ന രേഖയാണ് പുറത്തു വന്നത്. ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച വിവരമറിയിച്ച് കഴിഞ്ഞ നവംബറില്‍ സംസ്ഥാനട്രഷറി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഈ വര്‍ഷം ജൂലൈ 27നാണ് വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നടന്ന 2.73 കോടി രൂപയുടെ തട്ടിപ്പ് പുറത്ത് വരുന്നത്. സോഫ്‌റ്റ്വെയറിലെ പാകപ്പിഴ മുതലാക്കി ഓവര്‍ഡ്രാഫ്റ്റ് എടുത്തുവെന്നാണ് ട്രഷറി വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ പണമില്ലാത്ത അക്കൗണ്ടില്‍ നിന്നും പണമെടുക്കാന്‍ കഴിയുന്നതാണ് സോഫ്‌റ്റ്വെയറിെന്ന് കഴിഞ്ഞ നവംബറില്‍ തന്നെ ട്രഷറി ഡയറക്ടര്‍ക്ക് അറിയാമായിരുന്നു.
ഈ തട്ടിപ്പ് പുറത്ത് വരുന്നതിനും 9 മാസം മുന്‍പ് കാസര്‍കോട് ജില്ലാ ട്രഷറി ഓഫീസര്‍ ഡയറക്ടര്‍ക്കയച്ച കത്ത് പുറത്ത് വന്നു. എക്‌സൈസ് ഓഫീസിലെ വനിതാ സിവില്‍ ഓഫീസറുടെ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് അധികമായി 48476 രൂപ പിന്‍വലിച്ചു. എന്നാല്‍ അധികതുകയാണ് പിന്‍വലിച്ചതെന്ന് മനസിലായ ഈ ഓഫീസര്‍ പിഴവ് ചൂണ്ടിക്കാട്ടി പരാതി നല്‍കിയപ്പോഴാണ് ട്രഷറി ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം അറിയുന്നത്.
സോഫ്‌റ്റ്വെയറിലെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസിലായ ജില്ലാ ട്രഷറി ഓഫീസര്‍ ഇക്കാര്യം ട്രഷറി ഡയറക്ടറെ അറിയിച്ചു. ഒരു മാസത്തിന് ശേഷം നല്‍കിയ മറുപടിയില്‍ സാങ്കേതിക തകരാറാണെന്ന് ശരി വച്ച ഡയറക്ടര്‍ അവരുടെ ശമ്പളം വരുമ്പോള്‍ അധികമായെടുത്ത തുക പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഫയല്‍ ക്ലോസ് ചെയ്തു. അതായത് ഇക്കാര്യത്തില്‍ വിശദമായ പരിശോധനയോ വിലയിരത്തലോ അന്നുണ്ടായില്ല. അന്ന് തന്നെ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ വകുപ്പിന് നാണക്കേടാകുന്ന തട്ടിപ്പ് നടക്കില്ലായിരുന്നുവെന്ന് സാരം. ഇപ്പോഴും ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. തട്ടിപ്പില്‍ ഉന്നതര്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞ് വിജിലന്‍സ് അന്വേഷണവും ഇപ്പോള്‍ ധനവകുപ്പ് തള്ളിയിരിക്കുയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker