തിരുവനന്തപുരം: തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. നേരത്തെ കേസ് വിജിലന്‍സിന് കൈമാറണമെന്നായിരുന്നു പൊലീസിന്റെ ശുപാര്‍ശ. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സോഫ്റ്റുവെയറിലെ തകരാര്‍ ഉള്‍പ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപണം.
ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് കുറ്റപത്രം കൊടുക്കാത്തതിനാല്‍ പ്രതി ബിജുരാജിന് ജാമ്യം ലഭിച്ചത് വലിയ വിവാദമായിരുന്നു.
ട്രഷറിയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന് 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനെതുടര്‍ന്നാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജോലി ചെയ്യുമ്പോഴാണ് സോഫ്റ്റ് വെയറിലെ പിഴവുകള്‍ മുതലാക്കി ബിജുലാല്‍ കോടികള്‍ തട്ടിയത്. കേസ് അന്വേഷണം ആരംഭിച്ച പൊലീസിന് പക്ഷേ തുടക്കം മുതല്‍ പിഴച്ചു.