LATESTVAYANADU

പണിയ സമുദായത്തിന് അഭിമാനമായി എസ്.ബിന്ദു

കല്‍പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ എസ്.ബിന്ദു പട്ടികവര്‍ഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന പണിയ സമുദായത്തിനു അഭിമാനമായി. വയനാടിന്റെ ചരിത്രത്തിലാദ്യമായാണ് പണിയ സമുദായാംഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയിയെത്തുന്നത്. തദ്ദേശഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലൊന്നില്‍ പണിയ വനിത എത്തിപ്പെട്ടതു സമുദായത്തെ സംബന്ധിച്ചിടിത്തോളം സുന്ദര മുഹൂര്‍ത്തങ്ങളിലൊന്നാണെന്നു കേരള കേരള പണിയ സമാജം പ്രസിഡന്റ് കെ.ബലറാം പറഞ്ഞു.
ജില്ലാ പഞ്ചായത്തിലെ മേപ്പാടി പട്ടികവര്‍ഗ സംവരണ ഡിവിഷന്‍ പ്രതിനിധിയാണ് ബിന്ദു. സി.പി.ഐ ടിക്കറ്റില്‍ വിജയിച്ച ഇവര്‍ നറുക്കെടുപ്പിലൂടെയാണ് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷയായത്.
മേപ്പാടി ഏലവയല്‍ പണിയ കോളനിയിലെ ശാന്തയുടെ മകളാണ് 37 കാരിയായ ബിന്ദു. കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി ഗേള്‍സ് ഹൈസ്‌കൂളില്‍നിന്നു എസ്.എസ്.എല്‍.സി പാസായ ഇവര്‍ ചിന്തലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലാണ് തുടര്‍ പഠനം നടത്തിയത്. പിന്നീട് വൈത്തിരി സ്വദേശി ഷാജിയെ ജീവിത പങ്കാളിയാക്കിയ ബിന്ദു രണ്ടു മക്കളുടെ അമ്മയായി. കുറച്ചുകാലം പുത്തുമല അങ്കണവാടിയില്‍ ജോലി ചെയ്ത ഇവര്‍ വീട്ടുകാര്യവും കുറച്ചു നാട്ടുകാര്യവുമായി കഴിയുന്നതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അവസരമൊരുങ്ങിയത്. ഇടതു മുന്നണിയില്‍ ലോക് താന്ത്രിക് ദളുമായി ദിവസങ്ങളോളം പടയടിച്ചുവാങ്ങിയ സീറ്റില്‍ ബിന്ദുവിനെ സി.പി.ഐ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. യു.ഡി.എഫും ബി.ജെ.പിയും പുരുഷന്‍മാരെ മത്സരത്തിനിറക്കിയപ്പോഴാണ് സി.പി.ഐ വനിതയ്ക്കു ടിക്കറ്റ് നല്‍കിയത്.
ജില്ലാ പഞ്ചായത്ത് വൈസ ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഐകകണ്‌ഠ്യേനയാണ് ബിന്ദുവിനെ സ്ഥാനാര്‍ഥിയാക്കിയത്. വോട്ടെടുപ്പില്‍ മുസ്‌ലിംലീഗിലെ കെ.ബി.നസീമയുമായി തുല്യനില പാലിച്ചതിനെത്തുടര്‍ന്നു നടത്തിയ നറുക്കെടുപ്പിലൂടെയാണ് ബിന്ദു ജില്ലാ പഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവിയിലെത്തിയത്. ഇത് പണിയ സമുദായത്തെ സംബന്ധിച്ചിടത്തോളം ചരിത്രനിമിഷവുമായി.
കേരളത്തില്‍ വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലുള്ള ആദിവാസി വിഭാഗമാണ് പണിയര്‍. പണിയ സമുദായത്തില്‍പ്പെട്ടവര്‍ ഏറ്റവും കൂടുതല്‍ വയനാട്ടിലാണ്. 2011ലെ കണക്കനുസരിച്ചു 1,51,443 ആണ് ജില്ലയിലെ ആദിവാസി ജനസംഖ്യ. ഇതില്‍ 69,116 പേര്‍ പണിയ വിഭാഗത്തില്‍പ്പെട്ടതാണ്. കുറിച്യ, കുറുമ, അടിയ, കാട്ടുനായ്ക്ക തുടങ്ങിയ വിഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ജില്ലയിലെ പട്ടികവര്‍ഗ സമൂഹം. ആദിവാസി ജനസംഖ്യയില്‍ പ്രഥമ സ്ഥാനത്താണെങ്കിലും തെരഞ്ഞെടുപ്പുകളില്‍ പണിയ സമുദായത്തിനു മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ പട്ടികവര്‍ഗ സംവരണ സീറ്റുകളില്‍ കുറുമ, കുറിച്യ വിഭാഗങ്ങള്‍ക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ അവസരം നല്‍കുന്നത്. അസംഘടിതരായിരുന്ന പണിയ സമുദായാംഗങ്ങള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയശേഷമാണ് ഈ അവസ്ഥയ്ക്കു കുറച്ചെങ്കിലും മാറ്റമായത്. നിലവില്‍ ജില്ലയിലെ വിവിധ
തദ്ദേശ സ്ഥാപന ഭരണസമിതികളില്‍ പണിയ സമുദായത്തിനു പ്രാതിനിധ്യമുണ്ട്. വിദ്യാഭ്യാസമില്ലാത്തവരെന്ന പേരുദോഷം പണിയ സമുദായം മായ്്ച്ചുവരികയാണ്. പണിയ കുട്ടികള്‍ സ്‌കൂളില്‍ പോകാത്ത കാലം പഴങ്കഥയായി. സര്‍ക്കാരിന്റെയും സന്നദ്ധപ്രസ്ഥാനങ്ങളുടെയും നിരന്തര ശ്രമഫലമാണിത്. ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍ പണിയര്‍ക്കിടയില്‍ കുറവല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നതിനു പണിയ സംഘടനാ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker