BREAKING NEWSKERALALATEST

രാവിലെ ബന്ധുക്കളുടെ കുത്തിയിരിപ്പ് പ്രതിഷേധം, പിന്നാലെ ബാലാവകാശ കമ്മീഷന്റെ വരവ്, ഒടുവില്‍ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൊലീസ്; ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്നത് നാടകീയ രംഗങ്ങള്‍

നാടകീയ രംഗങ്ങളാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്ന് രാവിലെ മുതല്‍ നടന്നത്. ബിനീഷിന്റെ ഭാര്യയെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്നു. പിന്നാലെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്ഥലത്തെത്തി. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷനെത്തിയത്.

കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്നാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞത്. എന്നാല്‍ ബാലാവകാശ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇഡി അംഗങ്ങള്‍ നിലപാടെടുത്തു. ഇതോടെ സ്ഥലത്ത് ബന്ധുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് കുഞ്ഞിനെ പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പിന്നാലെ ബാലാവകാശ കമ്മീഷന്‍ രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു.

ഇതോടെ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിട്ടു. വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന രേഖകളെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഒപ്പിടാനാകില്ലെന്ന് നിലപാടെടുത്തുവെന്നും സാധനങ്ങള്‍ എടുക്കുമ്പോള്‍ തങ്ങളെ കാണിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് പ്രതികരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്റെ ഭാര്യാ മാതാവ് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ ഏതൊക്കെയോ പേപ്പര്‍ എടുത്തുകൊണ്ടുവന്ന് ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ പറഞ്ഞു. ബിനീഷ് കുടുങ്ങാന്‍ പോകുകയാണ്. അവിടെ നിന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടോ. ഉണ്ടെങ്കില്‍ ഒപ്പിടണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡ് കണ്ടപ്പോള്‍ ഒപ്പിടാനാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. അത്തരത്തിലൊരു കാര്‍ഡ് ബിനീഷിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തെങ്കില്‍ അത് എടുക്കുമ്പോള്‍ വിളിച്ചു കാണിക്കണമായിരുന്നു. അത്തരത്തില്‍ കാണിക്കാത്ത സാഹചര്യത്തില്‍ ഒപ്പിടാനാകില്ലെന്ന് തീര്‍ത്തു പറഞ്ഞു. ബിനീഷ് പറഞ്ഞാല്‍ ഒപ്പിടുമോയെന്ന് ചോദിച്ചു. ബിനീഷല്ല, ആരു പറഞ്ഞാലും ബോധ്യപ്പെടാത്ത കാര്യത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചു. അല്ലെങ്കില്‍ നിങ്ങള്‍ കൊണ്ടുവന്നുവെച്ചതാണെന്ന് എഴുതി താന്‍ ഒപ്പിട്ടു നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ അത് പറ്റില്ലെന്ന് ഇഡി അറിയിച്ചെന്നും ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

പിന്നാലെ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു. ഒരു ദിവസത്തിലേറെ നീണ്ട പരിശോധനയാണ് അവസാനിച്ചത്. വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ ഇഡി ഉദ്യോ?ഗസ്ഥരുടെ വാഹനം സംസ്ഥാന പൊലീസ് തടഞ്ഞു. വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. പിന്നീട് അറിയിക്കാം എന്ന് പറഞ്ഞതിന് പിന്നാലെയാണ് വാഹനം പോകാന്‍ അനുവദിച്ചത്.

Related Articles

Back to top button