ബെംഗളൂരു:എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) രഹസ്യമായി ചോദ്യം ചെയ്യുന്നതായി സൂചന. ലഹരി ഇടപാടിന് കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ഉപയോഗിച്ച പണം ബിനീഷ് നല്കിയതാണോ എന്നു കണ്ടെത്താനാണു ശ്രമം.
ശനിയാഴ്ച ബെംഗളൂരു പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ശേഷം ശാന്തിനഗറിലെ ഇഡി സോണല്‍ ഓഫിസിലോ രാത്രി പാര്‍പ്പിക്കാറുള്ള വില്സന് ഗാര്ഡന് പൊലീസ് സ്റ്റേഷനിലോ ബിനീഷിനെ എത്തിച്ചില്ലെന്ന് അറിയുന്നു. എന്നാല്‍, ഇന്നലെ പകല്‍ ഇഡി ഓഫിസില്‍ എത്തിച്ചിരുന്നു. അറസ്റ്റ് ചെയ്ത ശേഷം തുടര്‍ച്ചയായ 11ാം ദിവസമാണ് ചോദ്യം ചെയ്തത്.എന്‍സിബി ബെംഗളൂരു യൂണിറ്റ് ഡയറക്ടര്‍ അമിത് ഗവാത്തെ, ഇഡി ഓഫിസില്‍ നേരിട്ടെത്തി ബിനിഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമുള്ള (പിഎംഎല്‍എ) കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം എന്‍സിബി കൂടി കേസെടുത്താല്‍ നിയമക്കുരുക്കുകള്‍ കൂടുതല്‍ മുറുകും