BREAKING NEWSKERALA

ബിനീഷിനെതിരേ കൂടുതല്‍ തെളിവുകള്‍ നിരത്തി ഇഡി, അടുത്ത ഊഴം നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക്

ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). കസ്റ്റഡിക്കാലാവധി കഴിയുന്ന ബുധനാഴ്ച പ്രത്യേക കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിക്കും. ബിനീഷിന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകളെക്കുറിച്ചും അഞ്ചു കമ്പനികളുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച വിവരങ്ങളുമായിരിക്കും സമര്‍പ്പിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്തിയ ഇടപാടുകള്‍സംബന്ധിച്ച വിവരങ്ങള്‍ കേരളത്തില്‍നിന്നു ശേഖരിച്ചിട്ടുണ്ട്. ബിനീഷ് ആരംഭിച്ച മൂന്നു കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
ബിനീഷ് കോടിയേരിയെ 11ാം ദിവസവും ഇ.ഡി. സോണല്‍ ഓഫീസില്‍ ചോദ്യംചെയ്തു. അഞ്ചു കമ്പനികളെക്കുറിച്ചുള്ള ചോദ്യത്തിന് ബിനീഷ് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്നു കമ്പനികളുടെ ചുമതല വര്‍ഷങ്ങള്‍ക്കുമുമ്പ് ഒഴിഞ്ഞിരുന്നെന്നാണ് ബിനീഷ് മൊഴി നല്‍കിയത്. ഇ.ഡി.യുടെ കസ്റ്റഡിക്കുശേഷം ബിനീഷിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.)യും ചോദ്യംചെയ്യും. ലഹരിമരുന്ന് ഉപയോഗിച്ചെന്നും മുഹമ്മദ് അനൂപിന് ലഹരിയിടപാടിന് സാമ്പത്തികസഹായം നല്‍കിയെന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണിത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ ബിനീഷിനെ ശാന്തിനഗറിലെ ഇ.ഡി. സോണല്‍ ഓഫീസിലെത്തിച്ചു. പത്തുമണിക്കാരംഭിച്ച ചോദ്യംചെയ്യല്‍ രാത്രിവരെ നീണ്ടു. ബിനാമിയെന്നു സംശയിക്കുന്ന അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അനൂപിന്റെ റസ്റ്റോറന്റിലെ പങ്കാളി റഷീദ് എന്നിവരെ ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. മുഹമ്മദ് അനൂപിനോടൊപ്പം ബിനീഷിനെ ചോദ്യംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ, ചോദ്യംചെയ്യലിനുശേഷം രാത്രി പാര്‍പ്പിച്ചിരുന്ന വിന്‍സന്‍ ഗാര്‍ഡന്‍ സ്റ്റേഷനിലെ പോലീസുകാരെ ബിനീഷ് കോടിയേരി സ്വാധീനിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഞായറാഴ്ചമുതല്‍ രാത്രിയിലെ താമസം കബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. പോലീസില്‍നിന്നു ബിനീഷിന് ഫോണ്‍ സൗകര്യം ലഭിച്ചെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണിത്. സ്റ്റേഷനില്‍ രാത്രി കൂടുതല്‍ സൗകര്യം ലഭിച്ചെന്നും ഇ.ഡി. കണ്ടെത്തി.
അറസ്റ്റിലായതിനുശേഷം കഴിഞ്ഞ ഒമ്പതുദിവസവും ബിനീഷിനെ താമസിപ്പിച്ചിരുന്നത് ഇ.ഡി. സോണല്‍ ഓഫീസിനുസമീപത്തുള്ള വില്‍സന്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനിലായിരുന്നു. പോലീസിനെ സ്വാധീനിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ നേടിയെന്നു കണ്ടെത്തിയതോടെ ഡെപ്യൂട്ടി കമ്മിഷണര്‍ റാങ്ക് ഉദ്യോഗസ്ഥനുള്ള പോലീസ് സ്റ്റേഷന്‍ എന്നനിലയില്‍ കബണ്‍ പാര്‍ക്ക് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. ബിനീഷിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്.

Related Articles

Back to top button