ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. 34ാം അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇ.ഡി. ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്. കോടതി ചേര്‍ന്ന ഉടന്‍ തന്നെ ബിനീഷിന്റെ ജാമ്യഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ രംഗത്തുവന്നു. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകന് കോടതിയില്‍ വാദിച്ചു. കോടതി നടപടികള്‍ക്ക് ഇന്‍ ക്യാമറ പ്രൊസീഡിംഗ്സ് വേണമെന്നും പ്രതിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു.കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമര്‍പ്പിച്ച പെറ്റീഷന് കോടതി തള്ളി. ഇത് സാധ്യമല്ലെന്നും കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നും കോടതി വ്യക്തമാക്കി. ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനീഷിനെതിരെ ഇ.ഡി. കൂടുതല്‍ തെളിവുകള്‍ നിരത്തി.ഇതിനു പിന്നാലെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ബിനീഷിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 29നാണ് ലഹരിമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്. അന്നു മുതല്‍ ഇ.ഡി.യുടെ കസ്റ്റഡിയിലാണ് ബിനീഷ് ഉള്ളത്.
ഇന്ന് ബിനീഷിനെ ഇ.ഡി. വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ല. പകരം ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള നീക്കമാണ് ഇ.ഡി. നടത്തിയത്. ബിനീഷിന് സാമ്പത്തികരാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതിന്റെ തെളിവാണ് നവംബര്‍ നാലിന് തിരുവനന്തപുരത്ത് റെയ്ഡിനിടെ നടന്നതെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് ബിനീഷിന്റെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കാതിരുന്നത്. നവംബര്‍ 18ന് ജാമ്യഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.