ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കോടതിയെ അറിയിച്ചു.
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട അക്കൗണ്ടില്‍വന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഇ.ഡി. ബെംഗളൂരു പ്രത്യേക കോടതിയെ അറിയിച്ചു. ഡെബിറ്റ് കാര്‍ഡ് നല്കിയ ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍നിന്നു ലഭിച്ച വിവരപ്രകാരം അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനിക്കുട്ടനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴുലക്ഷം രൂപ ബിനീഷ് നല്‍കിയതാണെന്നും മൊഴിയുണ്ട്. എന്നാല്‍, അക്കൗണ്ടിലേക്കുവന്ന മറ്റുനിക്ഷേപങ്ങളുടെ ഉറവിടത്തെക്കുറിച്ച് ബിനീഷ് വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ അനിക്കുട്ടനെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. ബിനീഷിന്റെ ജാമ്യത്തെ എതിര്‍ത്ത് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ബിനീഷിന് ജാമ്യം ലഭിച്ചാല്‍ ഡ്രൈവറെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്നും ബിനീഷിന്റെ വീട്ടില്‍നിന്നു ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എസ്. അരുണ്‍ എന്ന വ്യക്തി വന്‍തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അരുണില്‍നിന്നു മൊഴിയെടുക്കണം. ഇതുസംബന്ധിച്ച് ബിനീഷ് നല്കിയ മൊഴി തൃപ്തികരമല്ല. ജാമ്യം ലഭിച്ചാല്‍ ബിനീഷ് അരുണിനെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അന്വേഷണത്തോട് ബിനീഷ് സഹകരിക്കുന്നില്ല. ആരോഗ്യകാരണങ്ങള്‍പറഞ്ഞ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്.
ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് കേരളത്തില്‍നിന്നാണ് വന്‍തുക നിക്ഷേപമായി വന്നത്. കേരളത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടില്ല. ബിനീഷ് കോടിയേരി ബെംഗളൂരുവില്‍ ആരംഭിച്ച രണ്ടുകമ്പനികളുടെപേരില് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും ഇവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കേണ്ടതുണ്ടെന്നും ഇ.ഡി. പറയുന്നു. സാമ്പത്തിക ഇടപാട് നടത്തിയവരെ ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ ബിനീഷ് രാജ്യംവിടാന്‍ സാധ്യതയുണ്ടെന്നും ഇ.ഡി. റിപ്പോര്‍ട്ടില്‍ പറയുന്നു.