ബെംഗളൂരു: ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡികാലാവധി തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് അവസാനിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ലഹരിക്കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകള്‍സംബന്ധിച്ചാണ് ചോദ്യംചെയ്തത്. എന്നാല്‍, ബിനീഷ് ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിനെക്കുറിച്ചറിയില്ലെന്ന് ബിനീഷ് ആവര്‍ത്തിച്ചു. ഹോട്ടല്‍ തുടങ്ങാന്‍ സാമ്പത്തികസഹായം നല്‍കിയെങ്കിലും മുഹമ്മദ് അനൂപിന്റെ മറ്റ് ഇടപാടുകളെക്കുറിച്ചറിയില്ലെന്ന് ബിനീഷ് മൊഴിനല്‍കി.
ഞായറാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വൈകുന്നേരം നാലിന് നിര്‍ത്തി. തുടര്‍്ന്ന് ആശുപത്രി എത്തിച്ചു പരിശോധനയ്ക്കു ശേഷം രാത്രിയോടെ വില്സന് ഗാര്ഡന് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. വൈകിട്ട് നാലരയോടെ ബൗറിങ് ആശുപത്രിയില്‍ എത്തിച്ച ബിനീഷിനെ പരിശോധനകള്‍ക്കുശേഷം രാത്രി 9.30 നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിക്കാന്‍ ഇഡി സമ്മര്‍ദം ചെലുത്തുകയാണെന്ന്, സ്കാനിങ്ങിനായി ആശുപത്രിയില്‍നിന്നു പുറത്തേക്കു കൊണ്ടുപോകുന്നതിനിടെ ബിനീഷ് മാധ്യമങ്ങളോടു പറഞ്ഞു. തിങ്കളാഴ്ച രാവിലെ ചോദ്യംചെയ്തതിനുശേഷം ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ബിനീഷിന്റെ ജാമ്യാപേക്ഷയും അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിക്കും. ചോദ്യംചെയ്യലിനിടെ ദേഹോപദ്രവം ഏല്പിച്ചോയെന്ന ആശങ്കയും ബിനീഷിന്റെ അഭിഭാഷകര്‍ ഉന്നയിച്ചു. നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാല്‍ നിയമക്കുരുക്കു മുറുകുമെന്ന അഭ്യൂഹത്തിനിടെയാണു ബിനീഷ് ചികിത്സ തേടിയത്.
ബിനീഷ് കോടിയേരിക്ക് ഇന്ന് നിര്‍ണായകദിനമാണ്. ബെംഗളൂരു സെഷന്‍സ് കോടതിയില്‍ കസ്റ്റഡി നീട്ടിക്കിട്ടാന്‍ ഇ.ഡി. ആവശ്യപ്പെട്ടില്ലെങ്കില്‍ ബിനീഷിനെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാക്കും. എന്നാല്‍. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി.)യുടെ നിലപാട് നിര്‍ണായകമാകും. മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍സംബന്ധിച്ച വിവരങ്ങള്‍ എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ അമിത് ഗവാഡെ ശേഖരിച്ചിരുന്നു. ബിനീഷിനെ ചോദ്യംചെയ്യുന്നതിന്റെ മുന്നോടിയായാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നാണു കരുതുന്നത്. ചോദ്യംചെയ്യാന്‍ ബിനീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് എന്‍.സി.ബി. കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ലഹരി ഇടപാടുകള്‍ നടന്ന ഹോട്ടല്‍ ബിനീഷിന്റെ സാമ്പത്തികസഹായത്തോടെയാണ് നടത്തിയതെന്ന മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം എന്‍.സി.ബി. വിവരങ്ങള്‍ ശേഖരിച്ചത്.