BREAKING NEWSKERALA

ബിനീഷിന്റെ കുടുംബത്തെ എന്തിനു തടഞ്ഞുവച്ചു; നേരിട്ടുവന്ന് മൊഴി നല്‍കണമെന്ന് ഇ.ഡി.യോട് കേരള പോലീസ്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ബിനീഷ് കോടിയേരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ.ഡി.ക്ക് കേരള പോലീസ് ഇമെയില്‍ അയച്ചു. പോലീസ് നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ ഇ.ഡി. തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെയില്‍ അയച്ചിരിക്കുന്നത്.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന ഇ.ഡിയുടെ റെയ്ഡില്‍ ബിനീഷ് കോടിയേരിയുടെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പോലീസിന് ലഭിച്ചിരിക്കുന്നത്. പരാതി ലഭിച്ച പോലീസ് നോട്ടീസ് മുഖാന്തരം പരാതിയെ കുറിച്ച് ഇ.ഡി.യെ അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു ഇത്. റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇ.ഡി.ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സി.ഐ. തടഞ്ഞു. വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇ.ഡി.ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
ഇതേ തുടര്‍ന്നാണ് പൂജപ്പുര പോലീസ് ഇപ്പോള്‍ മെയില്‍ അയച്ചിരിക്കുന്നത്. പരിശോധനയ്ക്കായി വന്ന ഉദ്യോഗസ്ഥരുടെ മുഴുവന്‍ വിശദാംശങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം തന്നെ അവര്‍ വന്നു മൊഴിനല്‍കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇതുകൂടാതെ ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സൂര്യകുമാര്‍ മിശ്രയ്ക്ക് ഇമെയില്‍ മുഖാന്തരം പരാതി അയച്ചിട്ടുണ്ട്. ആ പരാതിയില്‍ പറയുന്നത് മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇ.ഡി.ഉദ്യോഗസ്ഥര്‍ ബലമായി പിടിച്ചുവെച്ചു. വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റ് കാണിക്കുകയും അത് സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പുനല്‍കാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നും അത് നിരസിച്ചപ്പോള്‍ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. തന്നെ രാത്രിയോടെ വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

Related Articles

Back to top button