തിരുവനന്തപുരം: ലഹരി ഇടപാടിനു പണം മുടക്കിയെന്ന കേസില്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ ചോദ്യം ചെയ്യുമ്പോള്‍ തന്നെ തിരുവനന്തപുരത്തു ബിനീഷിന്റെ വീട്ടില്‍ ഉള്‍പ്പെടെ ആറിടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കണ്ണൂര്‍ ധര്‍മടത്ത് ബിനീഷിന്റെ സുഹൃത്തിന്റെ വീട്ടിലും റെയ്ഡ് നടന്നു. ഇഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരില്‍ തടഞ്ഞുവെച്ചതെന്ന് അഭിഭാഷകനായ മുരുക്കുംപുഴ വിജയകുമാര്‍ പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികള്‍ക്ക് ആധാരമായ രേഖകള്‍ കുടുംബത്തോട് ഇഡി ആവശ്യപ്പെട്ടു. ഇതിനിടയില്‍ കുടുംബത്തിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകനെത്തി. വീട്ടിലേക്ക് പോകണമെന്നു ആവശ്യപ്പെട്ടെങ്കിലും ഇഡി അനുവദിച്ചില്ല. പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകന് സംസാരിച്ചു. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയത് മഹസര്‍ രേഖകളില്‍ ചേര്‍ത്തെന്നും അതു കൊണ്ട് ഭാര്യ റെനീറ്റ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും അഭിഭാഷകന് പറഞ്ഞെങ്കിലും പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഇക്കാര്യം സ്ഥിരീകരിച്ചില്ല. പിന്നീടാണ് കോടതിയില്‍ പോകാനുള്ള തീരുമാനം അഭിഭാഷകന് വ്യക്തമാക്കിയത്.
സായുധ സിആര്‍പിഎഫ് ഭടന്മാരുടെയും കര്‍ണാടക റിസര്‍വ് പൊലീസിന്റെയും അകമ്പടിയോടെയായിരുന്നു റെയ്ഡ്. ഏഴിടത്തും രാവിലെ 9 ന് ഒരേസമയം ഉദ്യോഗസ്ഥരെത്തി. ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടില്‍ നിന്നു രാത്രി വൈകിയാണ് സംഘം മടങ്ങിയത്. തലസ്ഥാനത്തു ബാക്കി അഞ്ചിടത്തും രാത്രി ഏഴിനും കണ്ണൂരില്‍ രാത്രി ഒന്‍പതിനും റെയ്ഡ് പൂര്‍ത്തിയായി.
രാവിലെ ഇഡി സംഘമെത്തുമ്പോള്‍ ബിനീഷിന്റെ മരുതംകുഴിയിലെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഫോണില്‍ വിളിച്ചതോടെ ബിനീഷിന്റെ ഭാര്യ മാതാപിതാക്കള്‍ക്കൊപ്പമെത്തി വീടു തുറന്നു. ആദായ നികുതി വകുപ്പിന്റെ ഒരാള്‍ ഉള്‍പ്പെടെ 7 ഉദ്യോഗസ്ഥരാണു വീട്ടിലേക്കു കയറിയത്. ബിനീഷിന്റെ ഭാര്യയുടെ മൊഴിയെടുത്തു. ബിനീഷിന്റെ മൊഴിയിലെ ചില കാര്യങ്ങള്‍ക്കു വ്യക്തത തേടുകയും ചെയ്തു. ഇടയ്ക്കു ഭക്ഷണവുമായി ബിനീഷിന്റെ മാതൃസഹോദരി എത്തിയെങ്കിലും കടത്തിവിടാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അതു വാങ്ങി അകത്തെത്തിച്ചു. ഉച്ചയ്ക്കു ബിനീഷിന്റെ ഭാര്യ കാറില്‍ പുറത്തുപോയി വൈകാതെ തിരിച്ചു വന്നു. ലാപ്ടോപ് ഹാജരാക്കാനായിരുന്നു ഇതെന്നാണു വിവരം.
നഗരത്തിലെ 4 ബാങ്ക് ശാഖകളിലും ഇഡി ബന്ധപ്പെട്ടു. ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും നിക്ഷേപ വിവരവുമാണു തേടിയത്.ബിനീഷുമായി ഇടപാടുളള അബ്ദുല്‍ ലത്തീഫിന്റെ കേശവദാസപുരത്തെ കാര്‍ പാലസ് എന്ന കാര്‍ ആക്സസറീസ് സ്ഥാപനം തുറക്കാന്‍ രാവിലെ 10 കഴിഞ്ഞു ജീവനക്കാരെത്തിയതിനു പിന്നാലെ മിന്നല്‍ വേഗത്തില്‍ ഇഡി സംഘം അകത്തു കടന്നു. കണ്ണൂര്‍ ധര്‍മടത്ത് ബിനീഷിന്റെ സുഹൃത്തായ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി അനസ് വലിയപറമ്പത്തിന്റെ വീട്ടിലായിരുന്നു പരിശോധന. അനസ് ഉണ്ടായിരുന്നില്ല. പകുതി കത്തിച്ച നിലയില്‍ വീടിനു പുറത്തു കാണപ്പെട്ട രേഖകളും സമീപത്തുണ്ടായിരുന്ന ഉപേക്ഷിച്ച ബാഗും കസ്റ്റഡിയിലെടുത്തു.
റെയ്ഡ് വിവരം ഇഡി ചൊവ്വാഴ്ച രാത്രി വൈകി കേരള പൊലീസിലെ ഉന്നതരെ അറിയിച്ചെങ്കിലും സുരക്ഷ ആവശ്യപ്പെട്ടില്ല. സിആര്‍പിഎഫ് സുരക്ഷ ഒരുക്കുന്നുണ്ടെന്നും ഏതെങ്കിലും സ്ഥലത്തു റെയ്ഡ് തടഞ്ഞാല്‍ സഹായം തേടാമെന്നും അറിയിച്ചു. ബിനീഷിന്റെ വീട്ടിലേക്ക് പൂജപ്പുരയില്‍ നിന്നു പൊലീസ് എത്തിയെങ്കിലും ഇപ്പോള്‍ സഹായം വേണ്ടെന്ന് സിആര്‍പിഎഫ് അറിയിച്ചതിനെത്തുടര്‍ന്നു വീടിനടുത്തുള്ള റോഡില്‍ വാഹനം മാറ്റിയിട്ട് അവര്‍ മാറിനിന്നു. സിആര്‍പിഎഫും കര്‍ണാടക പൊലീസും വീടിനു കാവല്‍നിന്നു.