കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യും. ഹവാല ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാവും ചോദ്യംചെയ്യല്‍. ഇന്നു കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് അധികൃതര്‍ അദ്ദേഹത്തിന് നോട്ടീസ് നല്കി. അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരാകുമെന്നാണ് പുറത്തുവരുന്ന വിവരം.
2015 നുശേഷം രജിസ്റ്റര്‍ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍, കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചിലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. അവയുടെ ലൈസന്‍സും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാര്‍ഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകള്‍ ഈ കമ്പനികളുടെ മറവില്‍ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കും.
അതിനിടെ, മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്കിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നല്‍കിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിരുന്നു. ഇതോടെ ബിനീഷിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്ലീഗും ബിജെപിയും അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.