BREAKING NEWSKERALA

ഇഡി പിടിമുറുക്കി; ഒടുവില്‍ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു ഹാജരായി

കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളി. ആറ് ദിവസത്തെ സാവകാശമാണ് ഇഡിയോട് ബിനീഷ് ചോദിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി.
സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവാനായിരുന്നു നോട്ടീസ്. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റിനോട് ബിനീഷ് കോടിയേരി സാവകാശം ചേദിച്ചത്. സാവകാശം നല്‍കാനാവില്ലെന്ന ഇഡി അറിയിക്കുകയായിരുന്നു. ഇന്ന് തന്നെ ഹാജരാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പറഞ്ഞ സമയത്തിനു മുമ്പെ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്.
ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തിരുവനന്തപുരത്തെ യുഎഎഫ് എക്‌സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ നിന്ന് തനിക്ക് കമ്മീഷന്‍ ലഭിച്ചുവെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടര്‍മാരിലൊരാളായിട്ടുള്ള അബ്ദുള്‍ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപെടലുകള്‍ നടത്തിയെന്ന വിവരവുമുണ്ട്. ഇതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.
2015 നുശേഷം രജിസ്റ്റര്‍ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍, കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചിലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. അവയുടെ ലൈസന്‍സും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാര്‍ഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകള്‍ ഈ കമ്പനികളുടെ മറവില്‍ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കും.
മയക്കുമരുന്ന് സംഘങ്ങളുമായി സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന വിവരവുമുണ്ട്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നല്‍കിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിരുന്നു.
സ്വര്‍ണ്ണക്കളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് റാക്കറ്റ് സ്വര്‍ണ്ണം കൊണ്ട് വരുന്നതിന് ഫണ്ട് കണ്ടെത്താന്‍ ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
റാക്കറ്റിന്റെ സൂത്രധാരനായ കെ ടി റമീസ് വഴിയായിരുന്നു ഈ മയക്ക് മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം മുന്നോട്ട് പോയില്ല. ഇതിനിടെയാണ് രണ്ടാഴ്ച മുന്‍പ് മലയാളിയായ അനൂബ് മുഹമ്മദ് ഉള്‍പ്പെട്ട മയക്ക് മരുന്ന് റാക്കറ്റ് ബെംഗളൂരിവില്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ കെ ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായി. ബിനീഷ് തന്റെ ഹോട്ടല്‍ തുടങ്ങാന്‍ ആറ് ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂബ് മൊഴി നല്‍കി. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാല്‍ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തു!ടര്‍ന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Articles

Back to top button