BREAKING NEWSKERALA

ഇത്തവണയും എല്ലാം പറഞ്ഞ് ബിനീഷ് പുറത്തുവന്നു; പക്ഷേ ദേഹാസ്വാസ്ഥ്യം, ‘വെള്ളംകുടിച്ചു’ പോയി

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ആറ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിട്ടയച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്.
ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസില്‍ രാവിലെ 11 മണിയോടെയാണ് ചോദ്യംചെയ്യല്‍ ആരംഭിച്ചത്. രാവിലെ 10.45ന് ഇ.ഡി. ഓഫീസിലെത്തിയ ബിനീഷ് കോടിയേരിയെ പിന്നീട് അസി. ഡയറക്ടര്‍ സോമശേഖരയുടെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്.
വൈകുന്നേരം അഞ്ചു മണിയോടെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്കു വന്ന ബിനീഷ് കോടിയേരിക്ക് ചെറിയ രീതിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിശ്രമിക്കാനുള്ള സ്ഥലത്ത് അല്‍പനേരം ഇരിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വാഹനത്തില്‍ കയറി പോയത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും തുടര്‍ന്നുള്ള ചോദ്യംചെയ്യലിന് ഇനിയും വിളിപ്പിച്ചേക്കുമെന്നുമാണ് വിവരം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനൂപിന്റെ അക്കൗണ്ടിലേക്ക് 30 ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. 20 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഈ പണം വന്നിട്ടുള്ളത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി.യുടെ അന്വേഷണം. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലഭിച്ച പണം അനൂപ് ലഹരിമരുന്ന് വില്‍പനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അനൂപ് മുഹമ്മദിന്റെ മൊഴികളെത്തുടര്‍ന്നാണ് ബെംഗളൂരു ലഹരിമരുന്ന് കേസിന്റെ അന്വേഷണം ബിനീഷിലേക്കും എത്തിയത്. സുഹൃത്തായ ബിനീഷ് കോടിയേരി തനിക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് അനൂപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അനൂപിന് പണം കടമായി നല്‍കിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു.
ഇതിനിടെയാണ് അനൂപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച പരപ്പന അഗ്രഹാര ജയിലിലെത്തി ഇ.ഡി. ഉദ്യോഗസ്ഥര്‍ അനൂപിനെ വിശദമായി ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയത്.

Related Articles

Back to top button