KERALALATEST

ബിരിയാണി ചെമ്പിലെ ബുദ്ധി;പി.കെ. ഫിറോസിനെ കളിയാക്കി ബിനീഷ് കോടിയേരി

കോഴിക്കോട്: ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട ലഹരിമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് സഹിതം വാര്‍ത്താസമ്മേളനം നടത്തിയ പി.കെ ഫിറോസിനെ കളിയാക്കി ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫിറോസിന്റേത് ബിരിയാണി ചെമ്പിലെ ബുദ്ധിയാണെന്നും പണ്ട് നട്ടുച്ചയ്ക്ക് നായനാര്‍ ലീഗുകാരോട് പറഞ്ഞതേ എനിക്കും ഫിറോസിനോട് പറയാനുള്ളൂ, ‘ഗുഡ്‌നൈറ്റ്’… എന്നാണ് ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് വലിയ പ്രതികരണവും ലഭിക്കുന്നുണ്ട്.
ലഹരിമരുന്നു കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നും അനൂപിനെ ഹോട്ടല്‍ തുടങ്ങാന്‍ സാഹായിച്ചുവെന്നുമാണ് പി.കെ ഫിറോസ് രാവിലെ ആരോപിച്ചത്. എന്നാല്‍ അനൂപിനെ വര്‍ഷങ്ങളായി അറിയാമെങ്കിലും ലഹരിമരുന്ന് കേസുമായി അനൂപിന് ബന്ധമുണ്ടെന്ന് അറിയില്ലെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം. പണം കടം കൊടുത്തിരുന്നു, എന്നാല്‍ കുമരകത്ത് നൈറ്റ് പാര്‍ട്ടിക്ക് ശേഷം എടുത്തത് എന്ന് പറഞ്ഞ് ഫിറോസ് പുറത്ത് വിട്ട ചിത്രം കുമരകത്ത് നിന്നുള്ളതല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ബിനീഷ് എത്തിയത്.
അബി വെള്ളമറ്റമെന്നയാള്‍ പോസ്റ്റ് ചെയ്ത ഫോട്ടോ അനൂപ് മുഹമ്മദിനെയും ബിനീഷ് കോടിയേരിയേയും ടാഗ് ചെയ്ത് കൊണ്ടുള്ളതായിരുന്നു. മാത്രമല്ല ഇതില്‍ ലൊക്കേഷനും കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഇതോടെ കുമരകത്തെ ഫോട്ടോയല്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം വീണ്ടും സംശയത്തിന്റെ നിഴലിലാവുകയും ചെയ്തിട്ടുണ്ട്. ലഹരിമരുന്നു സംഘങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധമുണ്ടെന്ന ആരോപണം വന്നതോടെ ഇത് പ്രതിപക്ഷവും ബി.ജെ.പിയും ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലയില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാനുള്ള അടവായിട്ടാണ് ആരോപണമെന്ന മറുവാദമാണ് സി.പി.എം മുന്നോട്ട് വെക്കുന്നത്.

Related Articles

Back to top button