BREAKING NEWSKERALA

13 മണിക്കൂര്‍ മാരത്തണ്‍ ചോദ്യം ചെയ്യല്‍, മയക്കുമരുന്ന് വിറ്റ കാശ് ബിനീഷിന്റെ അക്കൗണ്ടിലും എത്തി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടിയ ആദ്യ ദിവസം തന്നെ മാരത്തണ്‍ ചോദ്യം ചെയ്യല്ലിന് വിധേയനാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകി പതിനൊന്ന് മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്.
മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടന്നത്. ബിനീഷിന്റേയും അനൂപിന്റേയും ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയ പണത്തെ സംബന്ധിച്ചായിരുന്നു പ്രധാനമായി ഇഡി ചോദിച്ചറിഞ്ഞത്. ബിനീഷിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് സൂചന. ബിനീഷിന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും ഇഡി പരിശോധിച്ചു. ശനിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യല്‍ തുടങ്ങും എന്നാണ് സൂചന.
ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യകണിയും മയക്കുമരുന്ന് കച്ചവടക്കാരനുമായ അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് സമ്മതിച്ചിട്ടുണ്ട്. അനൂപിന്റെ പേരില്‍ തുടങ്ങിയ ഹോട്ടലിന്റെ യഥാര്‍ത്ഥ ഉടമ ബീനീഷാണെന്നും ഇഡിയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മയക്കുമരുന്ന് കച്ചവടത്തില്‍ നിന്ന് കിട്ടിയ വന്‍ തുക പല തവണയായി ബിനീഷിന്റെ അക്കൗണ്ടിലേക്ക് എത്തിയെന്നും ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
അനൂപിന് ചെറിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ സുഹൃത്തല്ല മറിച്ച് ബിനീഷിന്റെ ബിനാമിയാണ് അനൂപെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇരുവരും തമ്മില്‍ നടന്നത് വലിയ സാമ്പത്തിക ഇടപാടുകളാണ്. വിവിധ അക്കൊണ്ടുകളിലൂടെ വന്‍തുക ബിനീഷ് അനൂപിന് കൈമാറി. അനൂപ് തിരിച്ചും പണം അയച്ചു. പണത്തിന്റെ സ്രോതസ്സിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും ബിനീഷിന് മറുപടിയില്ലെന്നാണ് ഇഡി പറയുന്നത്.
തിങ്കളാഴ്ച വൈകീട്ട് ബിനീഷിനെ ഹാജരാക്കുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കാമെന്ന് ഇഡി സെഷന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ഇപ്പോള്‍ ബിനീഷിനെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണം തുടരുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകളും ചുമത്തിയേക്കും.

Related Articles

Back to top button