ആലപ്പുഴ: വെറുപ്പിന്റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആലപ്പുഴയിലെയും തൃശൂരിലെയും തോല്‍വിക്ക് പ്രത്യേക അര്‍ഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. തൃശൂരില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോള്‍ ബിജെപിക്ക് വോട്ട് കൂടി. എല്‍ഡിഎഫിന് എല്‍ഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവര്‍. അവര്‍ തിരുത്താന്‍ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷം മുന്‍ഗണന നിശ്ചയിണം. പെന്‍ഷനും ഭക്ഷ്യവകുപ്പിനും ഒന്നാം സ്ഥാനം നല്‍കണം. പെന്‍ഷന്‍ മുടങ്ങിയതും മാവേലി സ്റ്റോറില്‍ സാധനം ഇല്ലാതായതും മുന്‍ഗണനയായി കാണാന്‍ കഴിഞ്ഞില്ല. ജനം നല്‍കിയ മുന്നറിയിപ്പ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സിപിഐ സംസ്ഥാന കൗണ്‍സിലും സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം വേണമെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
അതേസമയം, സിപിഎം – സിപിഐ നേതാക്കള്‍ ജനഹൃദയങ്ങളില്‍ നിന്ന് അകന്നുവെന്നാണ് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. സിപിഎം – സിപിഐ പാര്‍ട്ടികളുടെ അടിത്തറ തകര്‍ന്നു. ബൂത്തിലിരിക്കാന്‍ ആളില്ലാത്തിടത്ത് പോലും ബിജെപി വോട്ട് പിടിച്ചു. കേരളത്തിലെ ഇടതുപക്ഷം ഇങ്ങനെ പോയാല്‍ ബംഗാളിന്റെ പാതയിലെന്നും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. ധനവകുപ്പിനെതിരെയും കടുത്ത വിമര്‍ശനമാണുണ്ടായത്. തോല്‍വി വിലയിരുത്തുന്നവര്‍ മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ധനവകുപ്പിന്റെ കെടുകാര്യസ്ഥത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി എന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.
103 1 minute read