HEALTHKERALALATEST

മുട്ടയും ഇറച്ചിയും ധൈര്യമായി കഴിച്ചോ… നന്നായി വേവിക്കണേ

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിള്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന ലോകാരോഗ്യ സംഘടന. നന്നായി പാചകം ചെയ്ത മുട്ടയും ഇറച്ചിയും ആരോഗ്യത്തിന് ദോഷമുണ്ടാക്കില്ലെന്ന് സംഘടന വ്യക്തമാക്കി. പക്ഷിപ്പനി പേടിച്ച് ആളുകള്‍ മുട്ടയും ഇറച്ചിയും കഴിക്കാതിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അറിയിപ്പ്.
പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന രീതിയില്‍ 70 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ വേവിച്ചാല്‍ അതില്‍ അടങ്ങിയിരിക്കുന്ന വൈറസുകള്‍ നശിക്കും. അതിനാല്‍ നന്നായി വേവിച്ച ഇറച്ചിയും മുട്ടയും കഴിക്കുന്നത് രോഗവ്യാപനം ഉണ്ടാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ മുന്‍കരുതലെന്നോണം പൗള്‍ട്രി ഫാമുകളില്‍ നിരന്തരം ശുചീകരണം നടത്തണം. കൂടാതെ കോഴിയുടെയും മറ്റ് പക്ഷികളുടെയും മാംസം ഉപയോഗിക്കുന്നതിന് മുന്‍പ് വൃത്തിയായി കഴുകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മനുഷ്യരിലേക്ക് പക്ഷിപ്പനി പടരാനുള്ള സാധ്യതകള്‍ കുറവാണ്. പക്ഷികളെ വീട്ടില്‍ കൊല്ലുകയോ അല്ലെങ്കില്‍ രോഗ ബാധയുള്ള പക്ഷികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്താല്‍ മാത്രമേ വൈറസ് മനുഷ്യരിലേക്ക് പടരുകയുള്ളു. അതിനാല്‍ അവ ഒഴിവാക്കണമെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നു.

Related Articles

Back to top button