ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതില്‍. തന്റെ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹര്‍ജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. പുനഃപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതു വരെ വിചാരണ നിര്‍ത്തി വെക്കണമെന്നും ഫ്രാങ്കോ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കമണെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജി മുന്‍പ് കോടതി തള്ളിയിരുന്നു. ഓഗസ്റ്റ് അഞ്ചിന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഫ്രാങ്കോയുടെ പുനഃപരിശോധനാ ഹര്‍ജി. ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി അന്ന് ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി കേസില്‍ ‘വസ്തുതാപരമായ പല കാര്യങ്ങളും’ പറയാനുണ്ടെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കോടതി വിശദമായ വാദം കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
2013 ല്‍ പുതിയൊരു സന്യാസ സമൂഹം രൂപീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷമാണ് പരാതിക്കാരിയായി കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തുന്നതെന്നാണ് ഹര്‍ജിയിലെ ആരോപണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സീറോ മലബാര്‍ സഭയുമായി ചേര്‍ന്ന് കന്യാസ്ത്രീ ലത്തീന്‍ സഭയുടെ താത്പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും പരാതിയില്‍ പറയുന്നു. 2017ല്‍ ഈ കന്യാസ്ത്രീയ്ക്കെതരെ ചില പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും ഇതിന്റെ ‘പ്രതികാരമായാണ്’ കന്യാസ്ത്രീ പരാതി നല്‍കിയതെന്നുമാണ് ആരോപണം.
ജലന്ധര്‍ ബിഷപ്പ് എന്ന നിലയില്‍ ഫ്രാങ്കോയ്ക്ക് കന്യാസ്ത്രീയുടെ മേല്‍ ഒരു അധികാരവുമില്ലെന്നും അതിനാല്‍ 376(2)(k), 376(2)(n), 376C അനുസരിച്ച് കേസെടുത്തതില്‍ ന്യായീകരണമില്ലെന്നുമാണ് ബിഷപ്പിന്റെ മറ്റൊരു വാദം. ഐപിസി 342, 506 (ii) എന്നീ വകുപ്പുകളും ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. ആദ്യം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ുന്ന കേസ് ബെഞ്ചിന്റെ ഉത്തരവുണ്ടെങ്കില്‍ തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യും.
കേസിന്റെ വിചാരണ നടക്കുന്ന കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി 13 തവണയോളം വിചാരണയ്ക്കായി ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്രാങ്കോ ഹാജരായിരുന്നില്ല. ഒടുവില്‍ കോടതി അന്ത്യശാസനം നല്കിയ ശേഷമാണ് വിചാരണ നടപടികള്‍ക്കായി ഫ്രാങ്കോ കേരളത്തിലെത്തിയത്. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് വിചാരണ നടപടികളുടെ റിപ്പോര്‍ട്ടിങ് കോടതി വിലക്കിയിട്ടുണ്ട്. കൊവിഡ് 19 അവസാനിക്കുന്നതു വരെ കേസിന്റെ വിചാരണ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നല്കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.
സുപ്രീം കോടതി ചട്ട പ്രകാരം പുനഃപരിശോധന ഹര്‍ജി ആദ്യം ചേമ്പറിലാണ് ലിസ്റ്റ് ചെയ്യുക. തുടര്‍ന്ന് ബെഞ്ചിന്റെ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യുകയുള്ളൂ.