BREAKING NEWSKERALA

ബലാത്സംഗക്കേസ്: ബിഷപ്പ് ഫ്രാങ്കോയുടെ വിചാരണ ഇന്ന് തുടങ്ങും, മാധ്യമങ്ങള്‍ക്ക് വിലക്ക്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് കോട്ടയത്തെ കോടതിയില്‍ തുടങ്ങും. ഇന്ന് ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയെ വിസ്തരിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യ വിചാരണയായിരിക്കും നടക്കുക. കോടതിയില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് ഫ്രാങ്കോ നേടിയെടുത്തിട്ടുണ്ട് . വിചാരണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോട്ടയം അഡീ. സെക്ഷന്‍ കോടതി ഒന്ന് ആണ് ഉത്തരവിട്ടത്. ബിഷപ് ഫ്രാങ്കോ നല്‍കിയ ഹര്‍ജിയിലാണ് വിധി. കോടതിയിലെ സാക്ഷി വിസ്താരം, രേഖകളുടെ വിവരങ്ങള്‍ എന്നിവ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുത്. ഇതുമായി ബന്ധട്ട മാധ്യമ ചര്‍ച്ചകളും ജഡ്ജി ജി.ഗോപകുമാര്‍ വിലക്കിയിട്ടുണ്ട്.
കേസിലെ 14 ആം സാക്ഷിയായ കന്യാസ്ത്രീയും ബിഷപ്പില്‍നിന്ന്‌ലൈംഗിക അതിക്രമം നേരിട്ടതായി മൊഴി നല്‍കിയിരുന്നു. ഇത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ, ഇത്തരം വാര്‍ത്തകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമങ്ങള്‍ വിചാരണവിവരങ്ങള്‍ നല്‍കരുതെന്ന് കാട്ടിയുള്ള കോടതി ഉത്തരവ്.
കുറവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 കന്യാസ്ത്രീമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്.
ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.
ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കേസായിരുന്നു ഇത്. ബിഷ്പ് ഫ്രാങ്കോയെ രക്ഷിക്കാന്‍ നിരവധി ഇടങ്ങളില്‍ നിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടായി. കോട്ടയത്തിനു സമീപമുള്ള മഠത്തില്‍ കഴിയുന്ന പീഡനത്തിനിരയായ കന്യാസ്ത്രീയേയും ഇവരെ സഹായിക്കുന്ന ഏതാനും കന്യാസ്ത്രീകളെയും സഭയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ശക്തമായ സമ്മര്‍ദ്ദങ്ങളും ഇടപെടലുകളും വരെ ഉണ്ടായി. ജീവനുവരെ ഭീഷണിയുണ്ടായിരുന്നു. ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് ഇവര്‍ കേസുമായി മുന്നോട്ടു പോകുന്നത്.
ബിഷപ് ഹാജരാകാതെയിരുന്ന കേസ് അനന്തമായി നീളുകയായിരുന്നു. ഇതിനിടെ ജാമ്യം റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്കു കോടതി കടന്നതോടെയാണ് ഫ്രാങ്കോ ഹാജരായത്. വിചാരണ തീരുന്നതുവകെ കോട്ടയം ജില്ല വിട്ടുപോകരുതെന്ന ശക്തമായ നിര്‍ദേശത്തോടെയാണ് ഫ്രാങ്കോയ്ക്ക് വീണ്ടും ജാമ്യം അനുവദിച്ചത്.

Tags

Related Articles

Back to top button
Close