കെ എം സന്തോഷ് കുമാര്‍
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി തള്ളിയ നടപടി കത്തോലിക്ക സഭയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വിചാരണക്ക് തുടര്‍ച്ചയായി ഹാജരാകാതെ വന്നതിനാല്‍ കഴിഞ്ഞ ദിവസം ഫ്രാങ്കോയുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. സാധാരണ ഗതിയില്‍ യാതൊരു സാമൂഹ്യ നിലവാരവുമില്ലാത്ത പ്രതികളാണ് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരിക്കുകയും അതുമൂലം ജാമ്യം റദ്ദാക്കലിന് വിധേയമാകുകയും ചെയ്യാറുള്ളത്. നിയമ വ്യവസ്ഥയെ മാനിക്കുന്ന ആരും തന്നെ ജാമ്യം റദ്ദാക്കപ്പെടുക എന്ന കോടതിയുടെ നിശിത നടപടിക്ക് വിധേയരാകാറില്ല. ബിഷപ് പദവിയിലുള്ള ഒരാള്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് , കോടതിയുടെ അപ്രീതിക്ക് പാത്രമായി എന്നതു തന്നെ സഭയെ പ്രതിസന്ധിയിലാക്കിയ സംഭവമാണ്. ഇപ്പോള്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയുമായ് ഹൈക്കോടതിയിലും അവിടെ പരാജയപ്പെട്ടതിനാല്‍ സുപ്രീം കോടതിയിലും എത്തിയ ഫ്രാങ്കോയ്ക്ക് പരമോന്നത നീതിപീഠത്തില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയിരിക്കയാണ്. ബലാല്‍സംഗ കേസില്‍ പ്രതിയായിട്ടും ഫ്രാങ്കോയെ പദവികളില്‍ നിന്ന് നീക്കാനോ തള്ളിപ്പറയാനോ സഭ നാളിതുവരെ തയ്യാറില്ല എന്നത് വിശ്വാസികളില്‍ വലിയ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം നല്ക്കുന്ന നേര്‍ച്ച പണം കൊണ്ട് നിലനില്‍ക്കുന്ന സഭ ,ഒരു ബലാല്‍സംഗ കേസിലെ പ്രതിക്കു വേണ്ടി ,സഭയുടെ സദാചാര – ധാര്‍മ്മിക മൂല്യങ്ങളെ കാറ്റില്‍ പറത്തി പ്രതിക്കനുകൂലമായ ന്യായീകരണ വേലകള്‍ ചെയ്യുന്നതില്‍ വിശ്വാസികള്‍ അസംതൃപ്തരാണ്. ഒടുവിലിപ്പോള്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠം വരെ ഇയാള്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണ് എന്നു പറയുമ്പോള്‍ സഭ എന്തു നിലപാടെടുക്കും എന്ന ചോദ്യം പ്രസക്തമാണ്. ഒരാള്‍ നിരപരാധി എങ്കില്‍ അയാള്‍ നിയമപരമായ വിചാരണയെ ഭയപ്പെടേണ്ടതില്ലല്ലോ .. ഈ കേസില്‍ പരമാവധി നിയമപരമായ നടപടികളില്‍ നിന്ന് ഒഴിവാകാനാണ് ഓരോരോ രീതികളില്‍ ഫ്രാങ്കോ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത് നിയമവൃത്തങ്ങളിലും പൊതു സമൂഹത്തിലും വലിയ അപ്രീതിക്ക് ഇടയാക്കിയിട്ടുണ്ട്. ഫ്രാങ്കോയെ നിയമ നടപടികള്‍ക്ക് വിധേയനാകാന്‍ ഉപദേശിക്കുകയല്ല ,മറിച്ച് അദ്ദേഹത്തിന്റെ നിയമ വിരുദ്ധ ശ്രമങ്ങള്‍ക്ക് ചൂട്ടു പിടിക്കാനാണ് സഭാനേതൃത്വം ഇതു വരെ ശ്രമിച്ചു പോന്നത്. എന്നാല്‍ സുപ്രീം കോടതി ശക്തമായ ഭാഷയില്‍ കമന്റ് ചെയ്തു കൊണ്ട് ഇന്ന് ഫ്രാങ്കോ യുടെ ഹര്‍ജി തള്ളിയതിലൂടെ സഭാനേതൃത്വത്തിന് ഒരു നിലപാട് എടുത്തേ മതിയാകൂ എന്ന സ്ഥിതിയാണുള്ളത്. ഇനിയെങ്കിലും എല്ലാ പദവികളിലും നിന്ന് ഫ്രാങ്കോയെ ഒഴിവാക്കിയില്ലെങ്കില്‍ സഭയുടെ വിശ്വാസ്യതക്കും അന്തസിനും അത് വലിയ കോട്ടം സൃഷ്ടിക്കും. എന്തോ ചെയ്തവനെ ചുമന്നാല്‍ ചുമന്നവനും നാറും എന്നാണല്ലോ പഴമൊഴി..