BREAKING NEWSKERALALATESTNEWS

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്തിമ തീരുമാനം വരുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ല. കേസിന് പിന്നില്‍ വ്യക്തിവിദ്വേഷമാണ്. കന്യാസ്ത്രീയുടെ സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് കാരണമായി. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണ വൈകിപ്പിക്കാനാണ് വിടുതല്‍ ഹര്‍ജിയെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണയ്ക്ക് ആവശ്യമുള്ള തെളിവുകളുണ്ട് തുടങ്ങിയ പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

Related Articles

Back to top button