പത്തനംതിട്ട: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ നിര്‍ണായക ഇടപെടലിന് ബി.ജെ.പി. ദേശീയ നേതൃത്വം. പാര്‍ട്ടിക്ക് ഇപ്പോഴും വന്‍കുതിപ്പ് നേടിയെടുക്കാന്‍ കഴിയാത്ത കേരളത്തില്‍ തന്ത്രാവിഷ്കരണം മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വരെയുള്ള കാര്യങ്ങളില്‍ നേരിട്ടുള്ള നിയന്ത്രണത്തിനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. സര്‍വേ നടത്തുകയാണ്. ബി.ജെ.പി. ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഏജന്‍സിയാണ് ഇത് നടത്തുന്നത്.
സംസ്ഥാന പാര്‍ട്ടി ഘടകവുമായി യാതൊരുതരത്തിലും ബന്ധപ്പെടാതെയാണ് സര്‍വേ. ആഴ്ചകള്‍ക്ക് മുന്‍പ് ആരംഭിച്ച സര്‍വേ ജനുവരി അവസാനം പൂര്‍ത്തിയാകും. എല്ലാ മണ്ഡലങ്ങളിലും താെഴതട്ടുവരെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും അഭിപ്രായം തേടിയാണ് സര്‍വേ. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് ലക്ഷ്യം. പാര്‍ട്ടിക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവെക്കാവുന്ന നേതാക്കളെ തീരുമാനിക്കാനും സര്‍വേയില്‍ ശ്രമിക്കുന്നു.
പരമ്പരാഗതമായി സംസ്ഥാനത്ത് ബി.ജെ.പി. അനുവര്‍ത്തിച്ചുവരുന്ന സ്ഥാനാര്‍ത്ഥിനിര്‍ണയ രീതിയില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റം വരും. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണവും കൂട്ടും. ക്രൈസ്തവസമുദായത്തിന് നിര്‍ണായകസ്വാധീനമുള്ള മണ്ഡലങ്ങളില്‍ വിവിധ സഭകള്‍ക്ക് സ്വീകാര്യരായ പൊതുസമ്മതരെ കണ്ടെത്തി മത്സരിപ്പിക്കും. പരമാവധി യുവസ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കും. സ്ത്രീകളുടെയും പട്ടികജാതി, പട്ടികവര്‍ഗ സമുദായങ്ങളുടെയും പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനും നിര്‍ദേശമുണ്ട്.
സര്‍വേ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് വൈകാതെ നല്‍കും. ഓരോ മണ്ഡലത്തില്‍നിന്നും മൂന്നുപേരുടെ പട്ടിക ജില്ലാ നേതൃത്വം വഴി സംസ്ഥാന നേതൃത്വത്തിന് കൈമാറും. സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കുന്ന പേരുകള്‍ക്കൂടി ഉള്‍പ്പെടുത്തി കേന്ദ്രനേതൃത്വത്തിന് നല്‍കും. സര്‍വേയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനം നല്കുന്ന പട്ടികയില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കുക.