തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരം നഗരസഭയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ബി.ജെ.പിയില്‍ മണ്ഡലം കമ്മറ്റി പിരിച്ചുവിടലും രാജിയും. മോശം പ്രകടനവും തമ്മിലടിയും കാരണം തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. നേതൃത്വം സംഘടനാ പ്രശ്നം പരിഹരിക്കുന്നില്ലെന്ന പരാതിയില്‍ പാറശാല, വര്‍ക്കല മണ്ഡലം പ്രസിഡന്റുമാര്‍ രാജിവച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ 44 എ ക്ലാസ് വാര്‍ഡുകളടക്കം 62 എണ്ണത്തില്‍ വിജയിക്കാമെന്നായിരുന്നു ബി.ജെ.പി ആര്.എസ്.എസ് കണക്കുകൂട്ടല്‍. എന്നാല്‍ മുമ്പുണ്ടായിരുന്ന 35 സീറ്റില്‍ ഒന്നുപോലും അധികം നേടാനായില്ലെന്നു മാത്രമല്ല 11 സിറ്റിങ് വാര്‍ഡുകള്‍ അപാകതകള്‍ കൊണ്ട് നഷ്ടമാവുകയും ചെയ്തു. ഇതിലേറ്റവും ദയനീയ പ്രകടനം തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു. സീറ്റുനിര്‍ണയത്തിലെ പാളിച്ചകള്‍ കൊണ്ട് ആറ്റുകാല്‍, ശ്രീവരാഹം വാര്‍ഡുകള്‍ നഷ്ടമായതാണ് ഇതിനുദാഹരണം.
തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്.കെ.പി രമേശും രണ്ട് ജനറല്‍ സെക്രട്ടറിമാരും തമ്മില്‍ തുടക്കം മുതലേ ഐക്യമില്ലായ്മയിലും കടുത്ത ഭിന്നതയിലുമാണ്. പ്രശ്നം പരിഹരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബി.ജെ.പി ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റി പിരിച്ചുവിടുന്നത്. വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.