ന്യൂഡല്‍ഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഭാരവാഹി യോഗം ഡല്‍ഹിയില്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഡല്‍ഹി എന്‍.ഡി.എം.സി കണ്വെന്ഷന് സെന്ററിലാണ് യോഗം നടക്കുന്നത്.
ജെ.പി.നഡ്ഡ അധ്യക്ഷനായ യോഗത്തില്‍ ദേശീയ ഭാരാവാഹികളും സംസ്ഥാന നേതാക്കളും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.
പശ്ചിമ ബംഗാളാണ് ബിജെപി പ്രധാന ലക്ഷ്യമായി പരിഗണിക്കുന്ന സംസ്ഥാനം. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും വലിയ പ്രതീക്ഷയൊന്നും ബിജെപി വച്ചുപുലര്‍ത്തുന്നില്ല. എന്നിരുന്നാലും പരമാവധി വോട്ട് സമാഹരിച്ച് അടിത്തറ വിപുലപ്പെടുത്താനാണ് പാര്‍ട്ടിയുടെ ശ്രമം. തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടെങ്കിലും വലിയ നേട്ടമൊന്നും അവിടെ നിന്നുണ്ടാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നില്ല.
അസമിലെ ഭരണ തുടര്‍ച്ചയാണ് ബിജെപിയുടെ രണ്ടാമത്തെ ലക്ഷ്യം. പുതുച്ചേരിയിലും ഇത്തവണ ഒരട്ടിമറി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.