BREAKING NEWSKERALA

ബിജെപി സ്ഥാനാര്‍ഥികളെ ഇന്നറിയാം

ന്യൂഡല്‍ഹി: കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പു സമിതിക്കു മുന്‍പിലെത്തും. ഇന്നു വൈകിട്ടോ നാളെയോ പ്രഖ്യാപനമുണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുളള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി ചര്‍ച്ച ചെയ്തു. ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെ.പി. നഡ്ഡ, അമിത്ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരും പങ്കെടുക്കുന്ന യോഗത്തില്‍ കേരള പ്രതിനിധികളും പങ്കെടുക്കും.
വി.മുരളീധരന്‍ മത്സരിക്കുന്നതു ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും. സാധ്യതാ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ശോഭ സുരേന്ദ്രന്റെ പേര്‍ ചാത്തന്നൂരും മറ്റു ചില മണ്ഡലങ്ങളിലുമുണ്ട്. കെ.സുരേന്ദ്രന്‍ കോന്നിയിലാകുമെന്നാണു സൂചന. കുമ്മനം രാജശേഖരന്‍ മത്സരിക്കാനിടയുള്ള നേമത്തിനു പുറമേ കഴക്കൂട്ടത്തും സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഹരിപ്പാട് ബി.ഗോപാലകൃഷ്ണനും പുതുപ്പള്ളിയില്‍ എന്‍. ഹരിയും പട്ടികയിലുണ്ട്. ധര്‍മടത്ത് സി.കെ. പത്മനാഭന്‍ മത്സരിച്ചേക്കും. കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. എം.ടി. രമേശിന്റെ പേര് കോഴിക്കോട് നോര്‍ത്തിലും പി.കെ. കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
സുരേഷ് ഗോപിയുടെ പേര് തൃശൂരും നേമവും തിരുവനന്തപുരം സെന്‍ട്രലും അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്തു മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഇവിടെ സാധ്യതാ പട്ടികയിലുള്ള വിജയന്‍ തോമസ് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞിട്ടുണ്ട്.
ഇതിനിടെ, കേരളത്തില്‍ 35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
ഇതിനിടെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തു ജനറല്‍ സെക്രട്ടറി അരുണ്‍സിങ് അദ്ദേഹത്തിന് അംഗത്വം നല്‍കി. കോണ്‍ഗ്രസ് രാജ്യവ്യാപകമായി ദുര്‍ബലമായെന്നു പറഞ്ഞ അദ്ദേഹം ഗ്രൂപ്പുകളിയില്‍ നിരാശനായാണു പാര്‍ട്ടി വിട്ടതെന്നും കൂട്ടിച്ചേര്‍ത്തു. സീറ്റു കിട്ടാത്തതു കൊണ്ടല്ല പാര്‍ട്ടി വിടുന്നത്. ബിജെപി സീറ്റു തന്നാലും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker