BREAKING NEWSKERALA

പത്രിക തള്ളിയതിനെതിരേ ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍, ഇന്ന് ഉച്ചയ്ക്ക് പ്രത്യേക സിറ്റിങ്

കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പരിഗണിച്ചേക്കും.
തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുളള അവസാന തീയതി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുളള സമയം കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളുടെ പട്ടിക വരണാധികാരി പുറപ്പെടുവിക്കും. പിന്നീട് തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ നിയമപോരാട്ടം നടത്താന്‍ സാധിക്കൂ. അതുകൊണ്ടാണ് അവധിദിനമായിട്ടും ഇന്ന് പ്രത്യേക ബെഞ്ച് ചേര്‍ന്ന് ഈ ഹര്‍ജി അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കണമെന്ന് ബിജെപി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വരണാധികാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് പ്രകടമായ നിയമലംഘനമാണെന്ന വാദമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുക. സീല്‍ അടക്കമുളള കാര്യങ്ങള്‍ പത്രികയില്‍ ഉണ്ടായിരുന്നു. ചിഹ്നമനുവദിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് ദേശീയസംസ്ഥാന അധ്യക്ഷന്മാരുടെ ഒപ്പുളള ഫോമുകള്‍ക്ക് പ്രാധാന്യമുളളത്. അതുകൊണ്ടുതന്നെ സാങ്കേതികമായ പിശകിന്റെ പേരില്‍ മാത്രമാണ് പത്രികകള്‍ തളളിയിരിക്കുന്നത്. ഇത് നിയമപരമായി ശരിയല്ല. അതിനാല്‍ രണ്ടുസ്ഥാനാര്‍ഥികള്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുളള അവസരമൊരുക്കണം എന്ന ആവശ്യവും ഗുരുവായൂരിലെയും തലശ്ശേരിയിലേയും ബി.ജെ.പി.സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കും.
എന്നാല്‍ വരണാധികാരി ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ ആ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അതില്‍ ഏതെങ്കിലും തരത്തില്‍ നിയമവിരുദ്ധ നടപടികള്‍ നടന്നിട്ടുളളതായി ആക്ഷേപമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ നിലനില്‍ക്കൂ എന്ന ഒരുവിധി സുപ്രീംകോടതി നേരത്തേ പുറപ്പെടുവിച്ചിട്ടുണ്ട്. അതാണ് ഇതിനുളള നിയമപരമായ തടസ്സം.
തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ പത്രികയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഡമ്മി സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ തലശ്ശേരിയിലും ഗുരുവായൂരിലും എന്‍.ഡി.എ.ക്ക് സ്ഥാനാര്‍ഥിയില്ലാതായി. തലശ്ശേരിയില്‍ ബി.ജെ.പി. ജില്ലാപ്രസിഡന്റ് എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിതയുടെയും പത്രികയാണ് തള്ളിയത്. ദേവികുളത്ത് എന്‍.ഡി.എ.ക്ക് മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി ആര്‍. ധനലക്ഷ്മിയുടെ പത്രിക അപൂര്‍ണമാണെന്ന കാരണത്താലാണ് തള്ളിയത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ എസ്. ഗണേശനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണി തീരുമാനിച്ചു.
എന്‍. ഹരിദാസ് നല്‍കിയ പത്രികയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. ഒപ്പോടുകൂടിയ ഫോം ഹാജരാക്കാന്‍ ബി.ജെ.പി. നേതാക്കള്‍ സമയംതേടിയെങ്കിലും അനുവദിച്ചില്ല. ഡമ്മി സ്ഥാനാര്‍ഥിയായി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പത്രിക തയ്യാറാക്കിയിരുന്നെങ്കിലും അധ്യക്ഷന്റെ ഒപ്പില്ലായിരുന്നു. നിവേദിത നല്‍കിയ പത്രികയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്ന കാരണത്താലാണ് തള്ളിയത്. പേരും സീലും ഉണ്ടായിരുന്നെന്നും പത്രിക തള്ളിയത് നീതിയല്ലെന്നും കോടതിയെ സമീപിക്കുമെന്നും നിവേദിത കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button