LATESTNATIONAL

ബിജെപി എംഎല്‍എയെ കയ്യേറ്റം ചെയ്ത് കര്‍ഷകര്‍; വസ്ത്രങ്ങള്‍ വലിച്ചു കീറി

അമൃത്സര്‍: പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കയ്യേറ്റം ചെയ്ത് കര്‍ഷകര്‍. അബോഹര്‍ എംഎല്‍എയായ അരുണ്‍ നാരംഗിന് നേരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മുക്തസറിലെ മലൗട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇവിടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിജെപി എംഎല്‍എ. പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് സംസ്ഥാനത്ത് കര്‍ഷക സമരത്തില്‍ പങ്കാളികളായ ഒരു കൂട്ടം കര്‍ഷകര്‍ ഇദ്ദേഹത്തെ വളഞ്ഞ് വച്ച് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ ദേശീയ തലത്തില്‍ കര്‍ഷകരുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നുണ്ട്. രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ ഒത്തുകൂടി നടത്തുന്ന സമരത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലും സമരം തുടരുന്നുണ്ട്. പഞ്ചാബില്‍ ഇത്തരത്തില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകരാണ് കഴിഞ്ഞ ദിവസം എംഎല്‍എയെ കയ്യേറ്റം ചെയ്തത്. ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിനെതിരെ സമരം കടുപ്പിച്ച കര്‍ഷകര്‍ സംസ്ഥാനത്തെ ബിജെപി ചടങ്ങുകളിലെല്ലാം തന്നെ പ്രതിഷേധവുമായെത്തിയിരുന്നു.
ഇതിന് തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസവും എംഎല്‍എയ്ക്ക് നേരെ കയ്യേറ്റമുണ്ടായത്. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അരുണ്‍ നാരംഗിനെയും കൂട്ടരെയും പ്രതിഷേധക്കാര്‍ വളയുകയായിരുന്നു. അദ്ദേഹത്തിന്റെ വാഹനത്തില്‍ കരിമഷി പ്രയോഗവും ഉണ്ടായി. ഇതിനിടെ പൊലീസ് ഇടപെട്ട് എംഎല്‍എയെയും അനുയായികളെയും സമീപത്തെ ഒരു കടയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവര്‍ ഇവിടെ നിന്നും പുറത്തേക്കിറങ്ങിയ സമയത്താണ് കര്‍ഷകര്‍ കയ്യേറ്റം ചെയ്തത്. എംഎല്‍എയെ മര്‍ദ്ദിച്ച പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു.
സംഘര്‍ഷാവസ്ഥയിലായ സ്ഥലത്ത് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാര്‍ക്ക് നടുവില്‍ നിന്നും പൊലീസ് എംഎല്‍എയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ബിജെപി നേതാക്കളെ വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു എന്നാണ് മാലൗട്ട് ഡിഎസ്പി ജസ്പാല്‍ സിംഗ് അറിയിച്ചത്.
ഇതിനിടെ കര്‍ഷക പ്രതിഷേധത്തിനിരയായ എംഎല്‍എയുടെ വീഡിയോയും വൈറലായിട്ടുണ്ട്. കീറിയ വസ്ത്രങ്ങളുമായി പൊലീസ് അകമ്പടിയില്‍ സുരക്ഷിതമായ ഇടത്തേക്ക് പോകുന്ന ബിജെപി എംഎല്‍എയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

Related Articles

Back to top button