തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ അട്ടിമറി നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്മാര്ക്കെല്ലാം താമര ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം നല്‍കുന്നുണ്ടെന്ന് സുരേന്ദ്രന് ആരോപിച്ചു. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഈ അട്ടിമറി നീക്കം നടക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. എല്‍ഡിഎഫിന് പകരം യുഡിഎഫ് എന്ന അവസ്ഥ ഈ തെരഞ്ഞെടുപ്പോടെ മാറുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അഴിമതി പിടിക്കപ്പെടുമെന്നായപ്പോള്‍ ഉള്ള വെപ്രാളവും വേവലാതിയുമാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ മര്യാദക്ക് ചോദ്യം ചെയ്താല്‍ കേരളം നടുങ്ങുന്ന അഴിമതി പുറത്തു വരും. സഹസ്രകോടിയുടെ അഴിമതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത്. അഴിമതി രാജാണ് ഇവിടെ നടന്നത്.
ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി. ഇത് മറച്ചുവക്കാനുള്ള പാഴ്ശ്രമമാണ് കേന്ദ്ര ഏജന്‍സി വിരുദ്ധ സമരം. കിഫ് ബിയില്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സിഎജിയെ ഉപയോഗിച്ച് വികസനം അട്ടിമറിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. ബാലിശമായ ആരോപണമാണിത്. മുഖ്യമന്ത്രി കസേരക്ക് യോജിച്ചതല്ല ഇതൊന്നും.
സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹം സിഎജി റിപ്പോര്‍ട്ട് കണ്ടോ? അങ്ങനെ കണ്ടെങ്കില്‍ അത് ഭരണഘടന വിരുദ്ധമാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കിഫ് ബി വായ്പയെടുക്കുന്നത്. ധനമന്ത്രിയായ തോമസ് ഐസക് അഴിമതി നടത്തിയിട്ടുണ്ട്. ബിജെപി മൈനര്‍ പാര്‍ട്ടിയാണെന്ന തോമസ് ഐസകിന്റെ പ്രസ്താവനയ്ക്ക് സിപിഎം രാജ്യത്തെ തന്നെ മൈക്രോ മൈനര്‍ പാര്‍ട്ടിയാണെന്ന് സുരേന്ദ്രന് പരിഹസിച്ചു. വഴിവിട്ട ഇപാടുകള് ഈ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു. ഇതിലെല്ലാം അന്വേഷണത്തിന് ധൈര്യമുണ്ടോ?. കേന്ദ്ര സംസ്ഥാന തര്‍ക്കമാക്കി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ മാറ്റുന്നത് ദുഷ്ടലാക്കാണ്.
മടിയില്‍ കനമുള്ളതുകൊണ്ടാണ് ഇഡിയെ പേടിക്കുന്നത്. രവീന്ദ്രന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദിനേശന് പുത്തലത്തിനേയും ചോദ്യം ചെയ്യുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം അനൗചിത്യമാണെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.