പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതില്‍ ഒരിടത്തും യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപി പിന്തുണ നല്‍കില്ല. സംസ്ഥാനത്ത് 36 തദ്ദേശസ്ഥാപനങ്ങളില്‍ ബിജെപി അംഗങ്ങളുടെ വോട്ട് നിര്‍ണായകമാണെങ്കിലും ഒരു സാഹചര്യത്തിലും പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വരുത്തേണ്ടെന്നാണ് സംസ്ഥാന ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തിന്റെ തീരുമാനം.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു സാധ്യമായ സ്ഥലത്തെല്ലാം പാര്‍ട്ടി അംഗങ്ങളും മത്സരിക്കും. വോട്ടെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേതൃത്വം വിപ്പുനല്‍കും. ഭരണത്തിനു ബിജെപി സഹായം ആവശ്യമുള്ള മറ്റു പാര്‍ട്ടികളിലുള്ളവരും മുന്നണി സ്വതന്ത്രരും അവരുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്താന്‍ തയാറായാല്‍ പിന്തുണയ്ക്കുന്നത് ആലോചിക്കും. എന്നാല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്കു ലഭിക്കണമെന്നാണ് വ്യവസ്ഥ. ഇതുസംബന്ധിച്ച് അടുത്തദിവസം ജില്ലാ കമ്മിറ്റികള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കും.
പാലക്കാട് നഗരസഭയില്‍ ഭൂരിപക്ഷത്തേ!ാടെ ഭരണതുടര്‍ച്ചയും പന്തളം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനും സാധിച്ചതുള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറി. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തിരുവനന്തപുരം കോര്‍പറേഷനില്‍ വോട്ടുകള്‍ പരസ്പരം മറിച്ചുനല്‍കിയതായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് യോഗത്തില്‍ വിശദീകരിച്ചു. ജില്ലകളുടെ ചുമതലയുള്ള ഭാരവാഹികള്‍ തിരഞ്ഞെടുപ്പ് നേട്ടത്തിന്റെ പ്രാഥമിക കണക്ക് അവതരിപ്പിച്ചു.
മധ്യതിരുവതാംകൂറില്‍ യുഡിഎഫിലെ പ്രധാന നേതാക്കള്‍ക്കു സ്വാധീനം നഷ്ടപ്പെട്ടതാണ് അവിടെ എല്‍ഡിഎഫിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്നു യോഗം വിലയിരുത്തി. കടുത്ത രാഷ്ട്രീയ പ്രതിരോധമുള്ള പ്രദേശത്തുപോലും ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വ്യക്തമായ സീറ്റ് വര്‍ധനയുണ്ടായതായും വിലയിരുത്തി. ജില്ലാഘടകങ്ങളുടെ കണക്കുകളും വിവരങ്ങളും പൂര്‍ണമായി ലഭിച്ചശേഷം അടുത്ത സംസ്ഥാനസമിതി യോഗത്തില്‍ വിശദമായ തിരഞ്ഞെടുപ്പ് അവലോകനം നടത്തും.