പാലക്കാട്: ഒആര്‍ കേളു സി പി എമ്മിന്റെ തമ്പ്രാന്‍ നയത്തിന്റെ ഇരയാണെന്നും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകള്‍ ഒഴിവാക്കിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. പട്ടികവര്‍ഗക്കാരോടുള്ള നീതിനിഷേധമാണിത്. കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നല്‍കണം. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കുന്ന സ്ഥാനാര്‍ത്ഥി വരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്ന് ഊര്‍ജ്ജം കിട്ടിയിട്ടുണ്ട്. മെല്ലെ മെല്ലെ മാത്രമേ ചവിട്ടിക്കയറു. അതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. പാലക്കാട് നേരത്തെ ഷാഫി ജയിച്ചത് മുസ്ലിം സഖാക്കളുടെ വോട്ട് കൊണ്ടാണ്. ഇത്തവണയും ക്രോസ് വോട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
എസ്എന്‍ഡിപി, ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന എംവി ഗോവിന്ദന്റെ പരാമര്‍ശം പ്രകോപനപരമാണെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഎമ്മിന്റെ ഭീകര തോല്‍വിയെ ന്യായീകരിക്കാന്‍ ശ്രമിച്ചതാണിതെന്നും യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നതല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ പ്രകോപനകരമായ പരാമര്‍ശമാണ് എംവി ഗോവിന്ദന്‍ നടത്തിയത്. മുസ്ലീങ്ങള്‍ എങ്ങനെ വോട്ട് ചെയ്‌തെന്ന് എന്തുകൊണ്ടാണ് ഗോവിന്ദന്‍ വിലയിരുത്താതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. മുസ്ലിം പ്രീണനമാണ് സി പി എം നടത്തിയത്. സഖാവ് എളമരം കരീം എന്നതിന് പകരം കരീമിക്ക എന്ന് ഉപയോഗിച്ചത് വര്‍ഗീയ പ്രീണനത്തിന്റെ ഭാഗമാണ്.
പ്രചാരണത്തിലെല്ലാം മുസ്ലീം ജനവിഭാഗത്തിന്റെ പേര് പറഞ്ഞാണ് വോട്ട് ചോദിച്ചത്. മുസ്ലീം സഖാക്കള്‍ യു ഡി എഫിനെ പിന്തുണച്ചു. അത് എന്ത് കൊണ്ട് എന്ന് പറയാതെ ഗോവിന്ദന്‍ മൗനം പാലിക്കുകയാണ്. മുസ്ലീം പ്രീണനം നടത്തിയതാണ് മുസ്ലീം സഖാക്കളുടെ വോട്ട് ചോരാന്‍ കാരണം. മുസ്ലീം സഖാക്കളുടെ വോട്ട് ചില മുസ്ലീം സംഘടനകള്‍ ചേര്‍ന്നാണ് സമാഹരിച്ചത്.
അവരെ എന്ത് കൊണ്ട് ഗോവിന്ദന്‍ ഭീഷണിപ്പെടുത്തുന്നില്ല?. വെള്ളാപ്പള്ളിയെയും ക്രിസ്ത്യന്‍ സമുദായത്തിലെ ബിഷപ്പുമാരെയും ഭീഷണിപ്പെടുത്തുന്നത് വിലപ്പോവില്ല. ഹിന്ദു-ക്രിസ്ത്യന്‍ സംഘടനകളെ എം വി ഗോവിന്ദന്‍ ലക്ഷ്യം വെയ്ക്കുകയാണ്. ബി ജെ പിക്ക് വോട്ടുചെയ്ത സംഘടനകളെ സംരക്ഷിക്കും. പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കും. ലീഗ് പോലും നടത്താത്ത പ്രീണനമാണ് സി പി എം നടത്തിയത്. വര്‍ഗീയ പ്രീണനം തുടര്‍ന്നാല്‍ സി പി എമ്മിന് നിലനില്‍പ്പുണ്ടാകില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
1,096 1 minute read