സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധം; കെ സുരേന്ദ്രനടക്കം 9 പേര്‍ക്കെതിരെ കേസ്

0
1

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കടന്നതിനും കൊവിഡ് നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനുമാണ് കേസ്. മറ്റ് എട്ട് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇന്നലെ തീ പിടുത്തമുണ്ടായതിനു പിന്നാലെ സുരേന്ദ്രനും ബിജെപി പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതാണ് പൊലീസ് കേസിലേക്ക് നയിച്ചത്.
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടുത്തം ആസൂത്രിതം തന്നെയെന്ന് കെ സുരേന്ദ്രന്‍ ഇന്ന് പറഞ്ഞിരുന്നു. ജുലൈ 13 ന് സെക്രട്ടേറിയറ്റിനകത്ത് അഗ്‌നിബാധ സാധ്യത സൂചിപ്പിച്ചുള്ള പൊതുഭരണ വകപ്പിന്റെ സര്‍ക്കുലര്‍ ഇതിനുള്ള തിരക്കഥയാണ്. തീ പിടിക്കാതിരിക്കാന്‍ ജാഗ്രത നടപടി സ്വീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. ചിഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പ്രോട്ടോകോള്‍ ഓഫീസില്‍ നടത്തിയ കൊവിഡ് പരിശോധന പോലും ദുരൂഹമാണ്. തീപിടുത്തം ഉണ്ടായപ്പോള്‍ പ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലന്ന് അഡീഷണല്‍ സെക്രട്ടറി എന്തടിസ്ഥാനത്തിലാണ് പറയുന്നത്. എല്ലാം ഇ ഫയല്‍ ആണോ ? അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ യാത്രാ വിവരങ്ങള്‍ കസ്റ്റംസ് ക്ലിയറന്‍സ് അടക്കം പുറത്ത് വിടാന്‍ തയ്യാറാകണം. കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് തീപിടുത്തവും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയപ്പോള്‍ മുഖ്യമന്ത്രി ഓടിയെത്തി. സെക്രട്ടറിയേറ്റില്‍ എന്തുകൊണ്ട് വന്നില്ലെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.