തൃശ്ശൂര്‍: ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാറിനെതിരെ കടുത്ത നടപടിയുമായി പൊലീസ്. നിരവധി കേസകളില്‍ പ്രതിയായ അനീഷിനെതിരെ സ്ഥിരം കുറ്റവാളി കേസ് ചുമത്തി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ ചുമത്തുന്ന നടപടിക്രമമാണിത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
ആറു മാസത്തിനുള്ളില്‍ ഇനി ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്തും. ഇനി കേസില്‍ ഉള്‍പ്പെടില്ലെന്ന് കോടതിയില്‍ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നല്‍കുന്നതാണ് നടപടിക്രമം. കാപ്പ ചുമത്തിയാല്‍ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. അതേസമയം ഇത് രാഷ്ട്രീയ പകപോക്കലാണെന്നും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സാധാരണ ഇത് ചുമത്താറില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
തൃശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വമ്പിച്ച വിജയം കൈവരിച്ചതില്‍ സിപിഎം പകപോക്കലാണ് ജില്ലാ പ്രസിഡന്റിനെതിരായ നീക്കമെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. അനീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരും. പൊലീസ് നീക്കത്തിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
82 Less than a minute