കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പി.യും വോട്ടുകച്ചവടം നടത്തിയതിന് തെളിവെന്ന് അവകാശപ്പെട്ട് സി.പി.എം. ജില്ലാസെക്രട്ടറി എം.വി. ജയരാജന് ശബ്ദരേഖ പുറത്തുവിട്ടു.
തലശ്ശേരി നഗരസഭയിലെ ഗോപാലപേട്ട വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെച്ചൊല്ലി മുസ്ലിം ലീഗിന്റെയും ബി.ജെ.പി.യുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ നടത്തിയതെന്ന് പറയുന്ന 17.17 മിനിറ്റ് നീളുന്ന ഫോണ്‍ സംഭാഷണമാണ് പത്രസമ്മേളനത്തില്‍ ജയരാജന് കേള്‍പ്പിച്ചത്. വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി എം.ആര്. നിജിനയ്ക്ക് ഒമ്പത് വോട്ടേ കിട്ടിയുള്ളൂ. ലീഗ് സ്വതന്ത്ര സന്ധ്യാ പ്രസാദിന് 497 വോട്ടും. ഇവിടെ സി.പി.എമ്മിലെ ജിഷാ ജയചന്ദ്രന് 260 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. തങ്ങള്‍ വോട്ട് മറിച്ചിട്ടും എന്തുകൊണ്ട് സി.പി.എം.സ്ഥാനാര്‍ഥി ജയിച്ചുവെന്ന് ലീഗ് പ്രവര്‍ത്തകനോട് ബി.ജെ.പി. പ്രവര്ത്തകന് ആരായുന്നതാണ് സംഭാഷണത്തിന്റെ ചുരുക്കം. നിങ്ങളുടെ മുഴുവന്‍ വോട്ടും ചെയ്തിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് ഒമ്പതുവോട്ടുമാത്രം കിട്ടിയത് അതിനുതെളിവല്ലേ എന്ന് ബി.ജെ.പി.പ്രവര്ത്തകന് വിശദീകരിക്കുന്നുണ്ട്.
അതേസമയം, ഇവര്‍ ബി.ജെ.പി.യുടെയും ലീഗിന്റെയും പ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന രേഖകളോ ഇവരുടെ പേരുകളോ ജയരാജന് വെളിപ്പെടുത്തിയില്ല. അത് സമയമാകുമ്പോള്‍ പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
തലായി, കൊമ്മല്‍, നങ്ങാറത്ത്, ബാലത്തില്‍, കോമത്ത് പാറ മാരിയമ്മ, ചേറ്റംകുന്ന് തുടങ്ങിയ വാര്‍ഡുകളില്‍ വോട്ടുകച്ചവടം നടന്നുവെന്ന് ജയരാജന് ആരോപിക്കുന്നു. തലശ്ശേരി ഏരിയാസെക്രട്ടറി എം.സി. പവിത്രനും ഒപ്പമുണ്ടായിരുന്നു.