മലാബോ: ഇക്വിറ്റോറിയല്‍ ഗിനിയിലെ സൈനിക ബാരക്കില്‍ ഉണ്ടായ സഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അശ്രദ്ധമായി സൈനിക ബാരക്കില്‍ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ടിയോഡോറോ ഒബിയാങ് ങൂമ പ്രസ്താവനയില്‍ വ്യക്തമാക്കി.
ബാട്ട മേഖലയില്‍ പ്രാദേശിക സമയം വൈകിട്ട് 4 മണിയോടെയാണ് സംഭവം. തുടര്‍ച്ചയായി നാല് സ്‌ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനത്തില്‍ മേഖലയിലെ ഒട്ടുമിക്ക വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
എത്ര പേര്‍ മരണപ്പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ദേശീയ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 17 മരണം എന്നാണ് കൊടുത്തിരിക്കുന്നത്. അതേസമയം പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞത് 15 എന്നാണ്. 20 പേര്‍ മരണപ്പെട്ടുവെന്ന് അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.